Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വവർഗബന്ധം പിഴവല്ല, വ്യത്യസ്തതയാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി∙ സ്വവർഗബന്ധം പിഴവല്ല, വ്യത്യസ്തതയാണെന്നും അതു കുറ്റകരമല്ലാതാക്കുന്നതോടെ സ്വവർഗാനുരാഗികൾക്കു മേൽ ചുമത്തപ്പെട്ടിരിക്കുന്ന കളങ്കം ഇല്ലാതാകുമെന്നും സുപ്രീം കോടതി. ഭരണഘടനാപരമായ പ്രശ്നങ്ങൾ ജനഹിത പരിശോധന നടത്തിയല്ല, ഭരണഘടനാപരമായ ധാർമികതയുടെ അടിസ്ഥാനത്തിലാണു തീരുമാനിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാൽ പറഞ്ഞു.

സ്വവർഗബന്ധമുൾപ്പെടെയുള്ളവ കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377–ാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹർജികളാണു കോടതി പരിഗണിക്കുന്നത്. മൂന്നാം ദിവസത്തെ വാദങ്ങൾക്കിടെ, സ്വവർഗബന്ധത്തിൽ താൽപര്യമുള്ളവർ‍ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്കു കോടതി ശ്രദ്ധക്ഷണിച്ചു. വാദം ഇനി 17നു തുടരും.

നർത്തകൻ എൻ.എസ്.ജോഹർ, പാചകവിദഗ്ധ റിതു ഡാൽമിയ, മാധ്യമപ്രവർത്തകൻ സുനിൽ മെഹ്റ തുടങ്ങിയവരാണു ഹർജിക്കാർ.

‘മുൻവിധികൾ പ്രശ്നമുണ്ടാക്കുന്നു’

സ്വവർഗബന്ധക്കാരോട് ആഴത്തിലുള്ള വേർതിരിവുണ്ടാക്കുന്ന പരിതസ്ഥിതിയാണ് ഇന്ത്യൻ സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇതു പരസ്പര സമ്മതത്തോടെ ബന്ധത്തിൽ ഏർപ്പെടുന്നവരുടെ മാനസികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. മുൻവിധികളോടെ സമീപിക്കപ്പെടുമെന്നതിനാൽ‍ അവർ ചികിൽസ പോലും താൽപര്യപ്പെടാത്ത സ്ഥിതിയാണ്. ചികിൽസാ രംഗത്തുള്ളവർപോലും രഹസ്യസ്വഭാവം ഉറപ്പാക്കുന്നില്ല – കോടതി പറഞ്ഞു.

സ്വവർഗബന്ധത്തിൽ താൽപര്യമുള്ളവർ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മർദം കാരണം എതിർലിംഗക്കാരെ വിവാഹം ചെയ്യാൻ നിർബന്ധിതരാവുന്നു. ഇതു രണ്ടു തരത്തിലുള്ള ലൈംഗിക ബന്ധത്തിനും മാനസിക പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നു.

മനുഷ്യർക്കിടയിൽ മാത്രമല്ല, മൃഗങ്ങൾക്കിടയിലും സ്വവർഗബന്ധമുണ്ട്. അതൊരു പിഴവല്ല, വ്യത്യസ്തയാണ്. മാതാപിതാക്കളിലൊരാൾ സ്വവർഗബന്ധത്തിൽ താൽപര്യമുള്ളയാളാണെന്നു മനസ്സിലാക്കുന്ന കുട്ടികളുടെ അവസ്ഥയും ആലോചിക്കണം. ലൈംഗിക താൽപര്യം വ്യത്യസ്തമാണെന്ന പേരിൽ വേർതിരിവു പാടില്ലെന്നാണു മാനസികാരോഗ്യ നിയമത്തിലെ 21എ വകുപ്പു നിർദേശിക്കുന്നത്. അപ്പോൾ, പാർലമെന്റും അത് അംഗീകരിക്കുകയാണ് – കോടതി വിശദീകരിച്ചു.

‘സർക്കാർ മലക്കം മറിഞ്ഞു’

377–ാം വകുപ്പു സംബന്ധിച്ചു നിലപാടില്ലെന്നും വിഷയം കോടതിയുടെ വിവേകത്തിനു വിടുകയാണെന്നും കേന്ദ്ര സർക്കാർ നേരത്തേ പറഞ്ഞിരുന്നു. ഇതു മലക്കം മറിച്ചിലാണെന്നും സമൂഹത്തിന് ആശങ്കയുണ്ടാക്കുന്ന സമീപനമാണെന്നും അപ്പസ്തോലിക് അലയൻ‍സ് ഓഫ് ചർച്ചസ്, ഉത്കൽ ക്രിസ്ത്യൻ കൗൺസിൽ എന്നിവയ്ക്കുവേണ്ടി ഹാജരായ മനോജ് വി.ജോർജ് വാദിച്ചു.

എന്തിനാണു കേന്ദ്രത്തിന്റെ നിലപാടിനെ മലക്കം മറിച്ചിലായി കാണുന്നതെന്നു കോടതി ചോദിച്ചു. സ്വകാര്യത സംബന്ധിച്ച വിധിക്കുശേഷം നിയമത്തിലുണ്ടായിരിക്കുന്ന വികാസമായി പരിഗണിച്ചുകൂടേ? കേന്ദ്രത്തിന്റെ നിലപാടു പരിഗണിച്ചു മാത്രം 377–ാം വകുപ്പു ഭരണഘടനാ വിരുദ്ധമെന്നു പറയില്ല; വകുപ്പു വിശദമായി പരിശോധിക്കും, ഭരണഘടനാ സാധുത വിലയിരുത്തും.

എന്നാൽ, ഇന്ത്യൻ ശിക്ഷാനിയമം ഭരണഘടനയിലെ പൊതുപട്ടികയിലുള്ള വിഷയമാണെന്നും ഏതു സംസ്ഥാനത്തിനു വേണമെങ്കിലും അതിലെ വകുപ്പുകളിൽ മാറ്റം വരുത്താൻ സാധിക്കുമായിരുന്നുവെന്നും മനോജ് വി.ജോർജ് വാദിച്ചു. അതുകൊണ്ടു ഭരണഘടനാപരമായ സാധുത ചോദ്യംചെയ്യാൻ സാധിക്കില്ലെന്ന് അർഥമാക്കേണ്ടെന്നു കോടതി പറഞ്ഞു. മനോജിന്റെ വാദം പൂർത്തിയായിട്ടില്ല.

ആഴത്തിൽ വേരോട്ടമുള്ള വേർതിരിവുകൾ മാറ്റാൻ ഭരണകൂടം നടപടികളെടുത്തിട്ടുണ്ടെന്നും സ്വവർഗബന്ധക്കാരുടെ വിഷയത്തിലും അതുണ്ടാവണമെന്നും ഹർജിക്കാർക്കുവേണ്ടി സി.യു.സിങ് വാദിച്ചു. കോടതിയുടെ മുന്നിലുള്ളതു മനുഷ്യാവസ്ഥയുടെ പ്രശ്നമാണെന്നും വളരെക്കുറച്ചുപേർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നത് 377–ാം വകുപ്പു നിലനിർത്തുന്നതിനു ന്യായീകരണമല്ലെന്നും അശോക് ദേശായി വാദിച്ചു.

കളങ്കം ചാർത്തപ്പെടുന്നതിനാലും സമൂഹത്തിന്റെ കാഴ്ചപ്പാടിലെ പ്രശ്നംകൊണ്ടും സ്വവർഗബന്ധക്കാർ നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നുവെന്നു കൃഷ്ണൻ വേണുഗോപാൽ വാദിച്ചു. ബദൽ ലൈംഗികത നിഷേധിക്കപ്പെടുമ്പോൾ സംഘം ചേരാനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു. ഇതു ഭരണഘടനയിലെ 19–ാം വകുപ്പിന്റെ ലംഘനമാണ് – കൃഷ്ണൻ വേണുഗോപാൽ പറഞ്ഞു.

related stories