Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കുമെന്ന് ശശി തരൂർ; മാപ്പു പറയണമെന്നു ബിജെപി

shashi-tharoor-1

തിരുവനന്തപുരം/ന്യൂഡൽഹി∙ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കി മാറ്റുമെന്നും ശശി തരൂർ എംപി. തിരുവനന്തപുരത്തു കഴിഞ്ഞദിവസം പൊതുപരിപാടിയിൽ നടത്തിയ ഈ പരാമർശത്തിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തി. പരാമർശത്തിൽ കോൺഗ്രസ് നേതൃത്വവും അതൃപ്തി അറിയിച്ചു.

എന്നാൽ, താൻ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നവെന്നു തരൂർ ഫെയ്സ്ബുക് പേജിൽ കുറിച്ചു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ഇന്നത്തെപ്പോലെ നിലനിൽക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങൾക്കു കൽപ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും.

മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്റുവും സർദാർ വല്ലഭ്ഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അത്–തരൂർ പറഞ്ഞു.

പിന്നാലെ ബിജെപിയിൽനിന്നു വിമർശനവും മിതത്വം പാലിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ഉപദേശവും വന്നെങ്കിലും നിലപാടിൽ മാറ്റം വരുത്താതെ തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു: ‘ഞാൻ മുൻ‌പും ഇതു പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. ആർഎസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കൽപം പാക്കിസ്ഥാന്റെ തനിപ്പകർപ്പാണ്’–തരൂർ വ്യക്തമാക്കി.

ജനാധിപത്യത്തിനും ഹിന്ദുക്കൾക്കുമെതിരായ ആക്രമണമാണു തരൂരിന്റെ വാക്കുകളെന്നു ബിജെപി കുറ്റപ്പെടുത്തി. പാർട്ടിയിലുള്ളവർ എന്തുകൊണ്ട് എപ്പോഴും ഇങ്ങനെ സംസാരിക്കുന്നുവെന്നു രാഹുൽ വ്യക്തമാക്കണം. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായ വിദ്വേഷത്തിന്റെ പേരിൽ മാന്യതയുടെ ലക്ഷ്മണരേഖ മറികടക്കുന്നതാണു കോൺഗ്രസിന്റെ ശീലമെന്നു ബിജെപി വക്താവ് സംബിത് പത്ര ഡൽഹിയിൽ പറഞ്ഞു.

ഇന്ത്യയെ പാക്കിസ്ഥാൻ ആക്കുന്നതു തടയാൻ കെൽപുള്ളതാണു രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെന്നും നേതാക്കൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ മിതത്വവും ശ്രദ്ധയും പുലർത്തണമെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.

അസഹിഷ്ണുതയുടെയും ഭിന്നിപ്പിക്കലിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും രാഷ്ട്രീയമാണു കഴിഞ്ഞ നാലു വർഷമായി മോദി സർക്കാർ നടത്തുന്നത്. മറുവശത്ത്, രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങളിലും വൈവിധ്യത്തിലുമാണു കോൺഗ്രസ് വിശ്വസിക്കുന്നത്‌–കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.