Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദലിത് ഉപമുഖ്യമന്ത്രി, മാസംതോറും പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി; യുപിയിൽ ബിജെപിയുടെ പുതിയ തന്ത്രം

Narendra-Modi--Yogi-Adityanath

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് നിലനിർത്താൻ ബിജെപി പ്രയോഗിക്കാനൊരുങ്ങുന്നതു വികസന മന്ത്രവും രാഷ്ട്രീയതന്ത്രവും. ഉടൻ നടക്കുന്ന മന്ത്രിസഭാ അഴിച്ചുപണി‌യിൽ സംസ്ഥാനത്തിനു ദലിത് ഉപമുഖ്യമന്ത്രിയുണ്ടാകുമെന്നാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൂടെ വികസനസന്ദേശം പ്രചരിപ്പിക്കാമെന്നും പാർട്ടി കരുതുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പി–ബിഎസ്പി–ആർഎൽഡി സഖ്യത്തിന്റെ മുന്നേറ്റം തടയാനുദ്ദേശിച്ചാണു ദലിത് ഉപമുഖ്യമന്ത്രിയെന്ന കാർഡ് പ്രയോഗിക്കുന്നത്. 22% വരുന്ന ദലിത് വോട്ടു ബാങ്കിനെ സ്വാധീനിക്കാൻ ഇത് ഉപകരിച്ചേക്കും. ഇപ്പോൾ സംസ്ഥാനത്തുള്ള രണ്ട് ഉപമുഖ്യമന്ത്രിമാരിൽ ദിനേശ് ശർമ ബ്രാഹ്മണ സമുദായാംഗമാണ്, കേശവ് പ്രസാദ് മൗര്യ പിന്നാക്ക വിഭാഗക്കാരനും.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കും മുൻപു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭ അഴിച്ചുപണിതേക്കും. ഇതുൾപ്പെടെ യുപിയിൽ പാർട്ടിയുടെ സ്വാധീനം നിലനിർത്തുന്നതിനുള്ള മാസ്റ്റർ പ്ലാനാണ്, അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി തയാറാക്കിക്കൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലികൾ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ എല്ലാ മാസവും നടത്താൻ പരിപാടി തയാറായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ബഹുഭൂരിപക്ഷം എംപിമാരെയും ഒഴിവാക്കി പുതുമുഖങ്ങളെ രംഗത്തിറക്കാനും നീക്കമുണ്ട്.

സംസ്ഥാനത്ത് ഈ മാസം മൂന്നു റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. എസ്പിയുടെ ശക്തികേന്ദ്രമായ അസംഗഡിൽ റാലി നാളെ. മിസാപ്പുരിൽ ഞായറാഴ്ചയും ഷാജഹാൻപുരിൽ 21നും ആണു മറ്റു റാലികൾ. എങ്കിലും കഴിഞ്ഞ ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ സംസ്ഥാനത്തു തനിച്ചു നേടിയ 71 സീറ്റ് നില‌നിർ‌ത്താൻ ബിജെപിക്കു തീവ്രശ്രമം നടത്തേണ്ടി വരും.