Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി ഇളവിനു സാധ്യത; വില കുറയും

Goods and Services Tax - GST

ന്യൂഡൽഹി ∙ ചരക്ക്, സേവനനികുതി (ജിഎസ്ടി) വരുമാനത്തിൽ സ്ഥിരത കൈവരിച്ചതോടെ കൂടുതൽ ഉൽപന്നങ്ങൾക്കു നികുതി കുറയ്ക്കാൻ സാധ്യത. സാനിറ്ററി നാപ്കിൻ, കരകൗശല വസ്തുകൾ, കൈത്തറി ഉൽപന്നങ്ങൾ എന്നിവയാണു പരിഗണനയിൽ. ഇവയ്ക്കുള്ള ഇളവ് വരുമാനത്തെ കാര്യമായി ബാധിക്കില്ലെന്നാണു കണക്കുകൂട്ടൽ. നിലവിൽ 12% നികുതിയാണ് ഈടാക്കുന്നത്. ജിഎസ്ടിയിൽ ഇതിനു താഴെയുള്ള നികുതി സ്ലാബ് അഞ്ചു ശതമാനത്തിന്റേതാണ്. 21നു ചേരുന്ന ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കും.

ജിഎസ്ടി നികുതിഘടന കൂടുതൽ യുക്തിസഹമാക്കുകയെന്ന ലക്ഷ്യത്തോടെയാണു നീക്കം. പൊതുജനാരോഗ്യവുമായി നേരിട്ടു ബന്ധമുള്ളതും അസംഘടിത തൊഴിൽമേഖലകൾ ഉൾപ്പെടുന്നതുമായ ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നു ജിഎസ്ടി നടപ്പായ 2017 ജൂലൈ മുതൽ ആവശ്യമുയർന്നിരുന്നു. പൊട്ടിനും കൺമഷിക്കുമില്ലാത്ത നികുതി എന്തുകൊണ്ടു നാപ്കിനു ചുമത്തുന്നുവെന്നു ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോടു ചോദിക്കുകയും ചെയ്തിരുന്നു. 

ജിഎസ്ടിയുടെ ആദ്യവർഷം സർക്കാരിന് 7.41 ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിച്ചെന്നാണു കണക്ക്. 89,885 കോടി രൂപയാണു ശരാശരി പ്രതിമാസ വരുമാനം. ഏപ്രിലിൽ 1.03 ലക്ഷം കോടി രൂപ ലഭിച്ചു. മേയ്, ജൂൺ മാസങ്ങളിൽ യഥാക്രമം 94,016 കോടി, 95,610 കോടി വീതവും.

മുൻപ് ഇളവ് ഹോട്ടൽ ഭക്ഷണത്തിനുൾപ്പെടെ; തീരുമാനമാകാതെ പെട്രോൾ, ഡീസൽ

ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി 5% ആയി കുറച്ചും ഇരുന്നൂറിലേറെ ഉൽപന്നങ്ങളുടെ നികുതി താഴ്ത്തിയും കഴിഞ്ഞ വർഷം നവംബറിൽ ജിഎസ്ടി നിരക്കിൽ സമഗ്ര അഴിച്ചുപണി നടത്തിയിരുന്നു. പരമാവധി നികുതിയായ 28 ശതമാനപ്പട്ടികയിൽ 228 ഉൽപന്നങ്ങളുണ്ടായിരുന്നത് 50 എണ്ണം മാത്രമാക്കുകയും ചെയ്തു. കനത്ത നികുതിയുള്ള പെട്രോളും ഡീസലുമാകട്ടെ, ഇപ്പോഴും ജിഎസ്ടി പരിധിയിലില്ല. ഉൾപ്പെടുത്തിയാൽ തന്നെ, ഏറ്റവും ഉയർന്ന നിരക്കായ 28% നികുതിക്കൊപ്പം സംസ്ഥാന വിൽപന നികുതി (അഥവാ വാറ്റ്) കൂടി ചേർത്താകും ചുമത്തുക. നിലവിലുള്ളത്ര നികുതിഭാരം തന്നെ അപ്പോഴുമുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.