Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളെ തൊട്ടാൽ ഹരിയാനയിൽ ലൈസൻസ് കട്ട് !

representational-image

ചണ്ഡിഗഡ് ∙ മാനഭംഗക്കേസിലും സ്ത്രീകളെ ഉപദ്രവിച്ച കേസുകളിലും ശിക്ഷിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്നും സർക്കാർ ആനുകൂല്യങ്ങൾ ഇല്ലാതാക്കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പീഡനക്കേസുകളിൽ വിചാരണ കഴിയുംവരെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. ശിക്ഷിച്ചാൽ റദ്ദാക്കുകയും ചെയ്യുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

വിചാരണക്കാലത്തു റേഷൻ ഒഴികെ സർക്കാരിൽ നിന്നുള്ള ഒരു ആനുകൂല്യവും ലഭിക്കില്ല. ശിക്ഷിക്കപ്പെട്ടാൽ പെൻഷനുകൾ അടക്കം എല്ലാ ആനുകൂല്യങ്ങളും സ്ഥിരമായി റദ്ദാകും – സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും സംബന്ധിച്ച പരിപാടിയിൽ പ്രസംഗിക്കവേ മുഖ്യമന്ത്രി പറഞ്ഞു. മാനഭംഗക്കേസിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം; സ്ത്രീകളെ ശല്യം ചെയ്യുന്ന കേസുകളിൽ 15 ദിവസത്തിനകവും. ഒൻപതു മുതൽ 12 വരെ പ്രായമുള്ള പെൺകുട്ടികൾക്കു സ്വരക്ഷയ്ക്കു കായികപരിശീലനവും നൽകും. പീഡനത്തിനിരയാകുന്ന സ്ത്രീക്കു സർക്കാർ അഭിഭാഷകനല്ലാതെ സ്വന്തമായി അഭിഭാഷകനെ നിയോഗിക്കണമെന്നുണ്ടെങ്കിൽ 22,000 രൂപയുടെ സഹായം നൽകും.

പീഡനക്കേസുകൾ കൂടുതലുള്ള ജില്ലകളിൽ അതിവേഗ കോടതികൾ സ്ഥാപിക്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രപദ്ധതി ഉടൻ പ്രഖ്യാപിക്കും. ഇരയായ സ്ത്രീയുടെ മൊഴി സംഭവദിവസം തന്നെ രേഖപ്പെടുത്താൻ നിർദേശം നൽകണമെന്നു പഞ്ചാബ്–ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കണ്ട് ആവശ്യപ്പെടുമെന്നും ഖട്ടർ അറിയിച്ചു. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ഹരിയാന രാജ്യത്ത് ഒന്നാം സ്ഥാനത്തു വരണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മുന്നോട്ടുവച്ച പുതിയ വ്യവസ്ഥകൾ നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാണെന്നു ഡിജിപി ബി.എസ്.സന്ധു വ്യക്തമാക്കി.