Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടുവട്ടം മാറ്റിയ ഇന്ത്യ–യുഎസ് ചർച്ച ഇനി സെപ്റ്റംബറിൽ

india-america-flags

ന്യൂഡൽഹി∙ രണ്ടുതവണ മാറ്റിവച്ച ഇന്ത്യ–യുഎസ് ഉഭയകക്ഷി ചർച്ച (2+2) സെപ്റ്റംബർ ആദ്യവാരം നടത്താൻ ധാരണ. പ്രതിരോധ മന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ആറിനു നിശ്ചയിച്ച ചർച്ചയിൽനിന്ന് യുഎസ് അപ്രതീക്ഷിതമായി പിന്മാറിയിരുന്നു. ‘ഒഴിച്ചുകൂടാൻ കഴിയാത്ത കാരണങ്ങളാൽ’ എന്നു മാത്രമായിരുന്നു വിശദീകരണം. ഏപ്രിലിൽ തീരുമാനിച്ചിരുന്ന യോഗം മാറ്റിയത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ നിയമനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടർന്നായിരുന്നു.

ഇന്ത്യൻ സംഘം വാഷിങ്ടനിലെത്തിയശേഷം സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നു റെക്സ് ടില്ലേഴ്സനെ നീക്കിയതായിരുന്നു കാരണം. ജൂലൈയിലും ഇത് ആവർത്തിച്ചു. ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയതിനെച്ചൊല്ലി ഇന്ത്യയും യുഎസും തമ്മിൽ ഭിന്നതകൾ നിലനിൽക്കെയായിരുന്നു ഇത്. പിന്നീട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയൊ തന്നെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കഴിഞ്ഞ വർഷം വൈറ്റ്‌ഹൗസിൽവച്ചു നടത്തിയ കൂടിക്കാഴ്ചയിലാണു ‘ടു പ്ലസ് ടു’ ചർച്ച നടത്താൻ തീരുമാനമായത്. പ്രതിരോധം, വിദേശകാര്യം അല്ലെങ്കിൽ സാമ്പത്തിക വിഭാഗങ്ങൾ തുടങ്ങി ഉഭയകക്ഷി ബന്ധത്തിലെ പ്രധാന മേഖലകൾ കേന്ദ്രീകരിച്ചുള്ള ചർച്ചയാണ് ടു പ്ലസ് ടു.