Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയോധ്യ തർക്കം: ഭരണഘടനാബെഞ്ചിന് വിടേണ്ടെന്ന് ഷിയ വഖഫ് ബോർഡ്

Supreme Court of India

ന്യൂഡൽഹി ∙ ബാബ്റി മസ്ജിദ്–രാമജന്മഭൂമി വിഷയം ഭരണഘടനാബെഞ്ചിനു വിടേണ്ടതില്ലെന്നും മുസ്‌ലിംകൾക്കു ഹൈക്കോടതി അനുവദിച്ച ഭൂമിയുടെ മൂന്നിലൊന്നു ദേശീയതാൽപര്യത്തെക്കരുതി ഹിന്ദുക്കൾക്കു വിട്ടുകൊടുക്കാൻ തയാറാണെന്നും ഷിയ വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. ഷിയ വിഭാഗക്കാരനായ മിർ ബക്കിയാണു ബാബ്റി മസ്ജിദ് പണിതതെന്നതു കണക്കിലെടുക്കുമ്പോൾ ഹൈക്കോടതി മുസ്‌ലിംകൾക്ക് അനുവദിച്ച ഭൂമിയുടെ അവകാശം തങ്ങൾക്കാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുൻപാകെ ബോർഡ് വാദിച്ചു.

എന്നാൽ, ഷിയ ബോർഡിന് കേസിൽ കാര്യമൊന്നുമില്ലെന്ന് ആദ്യ ഹർക്കാരിലൊരാളായ ഇസ്മായിൽ‍ ഫറൂഖിയുടെ പിന്തുടർച്ചക്കാർക്കുവേണ്ടി ഹാജരായ രാജീവ് ധവാൻ വാദിച്ചു. മസ്ജിദ് തകർത്തതു സാമൂഹിക വിരുദ്ധരാണെന്നു പറഞ്ഞൊഴിയാനാവില്ല. എന്താണ് 1992 ൽ സംഭവിച്ചത്? അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രതിമകൾ താലിബാൻ തകർത്തു. ബാബ്റി മസ്ജിദ്, ഹിന്ദു താലിബാൻ തകർത്തു. അതു പാടില്ലായിരുന്നു. ആരുമതു ചെയ്യാൻ പാടില്ല– ധവാൻ പറഞ്ഞു. മസ്ജിദ് തകർത്തവരെ അവകാശവാദമുന്നയിക്കാൻ അനുവദിക്കരുത്. മസ്ജിദ് മാത്രമല്ല, മതമന്ദിരങ്ങളൊന്നും തകർക്കാൻ ആർക്കും അവകാശമില്ല. ഇല്ലാത്തതു ദാനം ചെയ്യുന്ന നടപടിയാണ് ഭൂമി വിട്ടുകൊടുക്കാൻ തയാറെന്ന ഷിയ വഖഫ് ബോർഡിന്റെ നിലപാട്. ബാബ്റി മസ്ജിദ് സുന്നി പള്ളിയാണെന്ന് 1946ൽ വ്യക്തമാക്കപ്പെട്ടതാണെന്നും ധവാൻ പറഞ്ഞു. 20ന് വാദം തുടരും.

അയോധ്യയിലെ 2.27 ഏക്കർ തർക്കഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 സെപ്റ്റംബർ 30നു വിധിച്ചത്. മൂന്നംഗ െബഞ്ചിന്റെ വിധിക്കെതിരെ നിർമോഹി അഹാഡ, ഹിന്ദു മഹാസഭ, ജംയത്തുൽ ഉലമ ഹിന്ദ്, സുന്നി സെൻട്രൽ വഖഫ് ബോർഡ് തുടങ്ങിവയുടേതും വ്യക്തികളുടേതുമായ ഹർജികളാണു സുപ്രീം കോടതിയിലുള്ളത്. മോസ്ക് (പള്ളി) എന്നത് ഇസ്‌ലാം മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നു 1994ൽ എം.ഇസ്മായിൽ ഫറൂഖി കേസിൽ നടത്തിയ പരാമർശം ഭരണഘടനാബെഞ്ച് പരിശോധിക്കണമോയെന്നു തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

related stories