Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയ് കുമാർ, അനുപം ഖേർ, നാന പടേക്കർ... സ്ഥാനാർഥിപ്പട്ടിക താരനിബിഡമാക്കാൻ ബിജെപി

Akshay Kumar, Anupam Kher, Nana Patekar

ന്യൂഡൽഹി∙ താരങ്ങളെ അണിനിരത്തി കളംപിടിക്കാൻ ബിജെപിയിൽ കൊണ്ടുപിടിച്ച ശ്രമം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ അക്ഷയ് കുമാർ, അനുപം ഖേർ, നാന പടേക്കർ തുടങ്ങിയ താരങ്ങളെയാണ് ബിജെപി നോട്ടമിടുന്നത്. ഗായകർ മുതൽ ഉദ്യോഗസ്ഥ പ്രമുഖരെയും ഒളിംപിക് മെഡൽ ജേതാവിനെയും അടക്കം അണിനിരത്തിയ കഴിഞ്ഞ തവണത്തെ പരീക്ഷണം വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കുറി കൂടുതൽ താരങ്ങളെ ലക്ഷ്യമിടുന്നത്.

ബിജെപി സർക്കാരിന്റെ നാലു വർഷത്തെ ഭരണനേട്ടങ്ങൾ പ്രമുഖരെ അറിയിക്കാൻ ദേശീയാധ്യക്ഷൻ അമിത് ഷാ തുടക്കമിട്ട സമ്പർക്ക് ഫോർ സമ്പർത്തൻ പരിപാടി ഇതിന്റെ ആദ്യപടിയായിരുന്നു. കപിൽദേവ് അടക്കമുള്ളവരെ അമിത് ഷാ കണ്ടു പിന്തുണ അഭ്യർഥിച്ചു. ബോളിവുഡ് അഭിനേതാക്കൾക്കു പുറമേ, വ്യവസായികൾ, ദേശീയ പുരസ്കാര ജേതാക്കൾ, കായിക താരങ്ങൾ എന്നിവർ ബിജെപി നോട്ടമിടുന്നവരുടെ പട്ടികയിലുണ്ട്.

ബിജെപിക്കു വേരുറപ്പിക്കാൻ കഴിയാത്ത മണ്ഡലങ്ങളിൽ ജനകീയ മുഖമുള്ളവരെ അവതരിപ്പിക്കുകയാണു നീക്കത്തിനു പിന്നിൽ. ഒളിംപിക് മെഡൽ ജേതാവ് രാജ്യവർധൻ സിങ് റാത്തോഡിനു പുറമേ, നടന്മാരായ പ്രകാശ് റാവൽ, കിരൺ ഖേർ, ഗായകരായ മനോജ് തിവാരി, ബാബുൽ സുപ്രിയോ, കന്നട പത്രപ്രവർത്തകൻ പ്രതാപ് സിംഹ, മുൻ സൈനിക മേധാവി വി.കെ.സിങ്, മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ.കെ.സിങ് തുടങ്ങിയവരുടെ സ്ഥാനാർഥിത്വം കഴിഞ്ഞതവണ വിജയം കണ്ടിരുന്നു.

താരപരിവേഷമുള്ളവർ പാർട്ടിയിലെത്തുന്നതു കൂടുതൽ അണികളെ സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലും നേതൃത്വത്തിനുണ്ട്. അക്ഷയ്കുമാർ പഞ്ചാബിലും അനുപംഖേർ ഡൽഹിയിലും നാന പടേക്കർ മഹാരാഷ്ട്രയിലും മൽസരിക്കുമെന്നു ബിജെപി നേതാക്കൾ പറയുമ്പോഴും താരങ്ങൾ ഇതിനോടു പ്രതികരിച്ചിട്ടില്ല.

കാനഡ പൗരത്വമുള്ള അക്ഷയ് കുമാറിനു മൽസരിക്കണമെങ്കിൽ കടമ്പകളേറെയുണ്ട്. ആറുമാസത്തേക്കു തിരക്കുള്ള പരിപാടികളുണ്ടെന്നായിരുന്നു അനുപംഖേറിന്റെ പ്രതികരണം.

Mohammad Azharuddin

തെലങ്കാനയിൽ ബിജെപിയെ നേരിടാമെന്ന് അസ്ഹറുദ്ദീൻ

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ് സീറ്റിൽ മൽസരിക്കാൻ തയാറാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. തെലങ്കാനയിലെ സെക്കന്ദരാബാദിൽ മൽസരിക്കാനാണു മുൻ കോൺഗ്രസ് എംപി കൂടിയായ അസ്ഹർ സന്നദ്ധത അറിയിച്ചത്.

2009ൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽനിന്നു ജയിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനു പക്ഷേ, 2014ൽ കാലിടറി. രാജസ്ഥാനിലെ ടോങ്ക് സവായ്മധോപൂർ മണ്ഡലത്തിലാണ് അമ്പത്തഞ്ചുകാരനായ അസ്ഹർ പരാജയപ്പെട്ടത്.