Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാരീരികബന്ധത്തിനു ഭാര്യ സദാ സന്നദ്ധയായിരിക്കണമെന്നല്ല ദാമ്പത്യത്തിന്റെ അർഥം: ഡൽഹി കോടതി

delhi-high-court-image-3

ന്യൂഡൽഹി ∙ ബലപ്രയോഗം തെളിയിക്കപ്പെട്ടാൽ മാത്രമേ മാനഭംഗക്കുറ്റം ചെയ്തതായി കരുതാനാവൂ എന്ന വാദം അടിസ്ഥാനരഹിതമാണെന്നു ഡൽഹി ഹൈക്കോടതി. ശാരീരികബന്ധത്തിനു ഭാര്യ എപ്പോഴും സന്നദ്ധയായിരിക്കണം എന്നതല്ല ദാമ്പത്യജീവിതത്തിന്റെ അർഥമെന്നും കോടതി നിരീക്ഷിച്ചു. മാനഭംഗത്തെ നിർവചിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 375–ാം വകുപ്പിന്റെ ഭരണഘടനാപരമായ സാധുത ചോദ്യംചെയ്ത് ആർഐടി ഫൗണ്ടേഷനും ജനാധിപത്യ മഹിളാ അസോസിയേഷനും നൽകിയ പൊതുതാൽപര്യ ഹർജിയിൽ വാദം കേട്ട ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് സി.ഹരിശങ്കറും അടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

ഭാര്യയ്ക്കും ഭർത്താവിനും ലൈംഗികബന്ധത്തിനു വിസമ്മതം പറയാൻ ഒരു പോലെ അവകാശമുണ്ട്. ഭാര്യ എപ്പോഴും സന്നദ്ധയായിരിക്കണമെന്നു വിവാഹജീവിതത്തിന് അർഥമില്ല. ഭാര്യ സന്നദ്ധയായിരുന്നുവെന്നു ഭർത്താവു തെളിയിക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭർത്താവ് ജീവിതപങ്കാളിയുടെ മേൽ നടത്തുന്ന മാനഭംഗം ക്രിമിനൽ കുറ്റമാക്കണമെന്നതു സംബന്ധിച്ച ഹർജിക്കാരുടെ ആവശ്യത്തെ എതിർത്ത മെൻ വെൽഫെയർ ട്രസ്റ്റ്, ബലപ്രയോഗമോ ബലപ്രയോഗ ഭീഷണിയോ ഇത്തരം കേസുകളിൽ അനിവാര്യഘടകമാണെന്നു വാദിച്ചു. എന്നാൽ അങ്ങനെയല്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പരുക്കുണ്ടോ എന്നു നോക്കേണ്ട കാര്യമില്ല. സാമ്പത്തികമായി ബുദ്ധിമുട്ടിച്ചും വീട്ടു ചെലവിനു പണം തരില്ലെന്നു ഭീഷണിപ്പെടുത്തിയും ഭാര്യയെ കീഴ്പെടുത്തിയെന്നു വരാം. ഇക്കാലത്തു മാനഭംഗത്തിന്റെ നിർവചനം വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു.

ഗാർഹിക പീഡന നിരോധന നിയമം ചൂണ്ടിക്കാട്ടി, വിവാഹജീവിതത്തിലെ ലൈംഗിക അതിക്രമങ്ങളിൽ നിന്നു ഭാര്യമാർക്ക് ഇപ്പോൾ തന്നെ നിയമപരിരക്ഷയുള്ള കാര്യം ട്രസ്റ്റ് അഭിഭാഷകൻ ഓർമിപ്പിച്ചു. അങ്ങനെയെങ്കിൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 375–ാം വകുപ്പിൽ (മാനഭംഗം) ജീവിതപങ്കാളികൾ തമ്മിലുള്ള ബന്ധം മാനഭംഗമാവില്ലെന്നു കാട്ടി ഒഴിവാക്കിയിരിക്കുന്നതെന്തിനെന്നു കോടതി ചോദിച്ചു. ഹർജിയിൽ വാദം പൂർത്തിയായില്ല. ഓഗസ്റ്റ് എട്ടിനു തുടരും. ദാമ്പത്യജീവിതത്തിലെ മാനഭംഗം കുറ്റകരമാക്കാൻ പറ്റില്ലെന്നു കേന്ദ്ര സർക്കാരും നിയമനിർമാണം നടത്താൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നു ഡൽഹി സർക്കാരും നേരത്തേ കോടതിയിൽ വ്യക്തമാക്കിയിരുന്നു.