Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ വിവരങ്ങളുടെ പരമാധികാരം വ്യക്തികൾക്ക്: ട്രായ്

ന്യൂ‍ഡൽഹി∙ ടെലികോം രംഗത്ത് സ്വകാര്യവിവര സംരക്ഷണത്തിനുള്ള നിയമങ്ങൾ അപര്യാപ്തമെന്നു ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). തിരഞ്ഞെടുക്കാനും അനുമതി നൽകാനും സ്വകാര്യതയുടെ സംരക്ഷണത്തിനായി വേണമെങ്കിൽ വിവരങ്ങൾ മറച്ചുവയ്ക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ടാകണമെന്നും ട്രായ് നിർദേശിച്ചു. സ്വകാര്യത, സുരക്ഷിതത്വം എന്നീ വിഷയങ്ങളിൽ ഒട്ടേറെ നടപടികളും ശുപാർശ ചെയ്തു.

വ്യക്തികൾക്കാണ് അവരെ സംബന്ധിച്ച വിവരങ്ങളുടെ പരമാധികാരം. ഈ വിവരങ്ങൾ നിയന്ത്രിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന സേവനദാതാക്കൾക്ക് ഇവയുടെ മേൽ പ്രാഥമികമായ അധികാരമില്ല. അവർ സൂക്ഷിപ്പുകാർ മാത്രമാണ്.

സ്വകാര്യതയുടെ ലംഘനങ്ങളെക്കുറിച്ചും ഭാവിയിൽ അതു തടയാനുമായി സ്വീകരിച്ച നടപടികളെ കുറിച്ചും ടെലികോം രംഗത്തെ സേവനദാതാക്കൾ വെബ്സൈറ്റുകളിൽ വെളിപ്പെടുത്തണമെന്നും നിർദേശമുണ്ട്.

മൊബൈൽ ആപ്പുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോരുന്നതിനെ കുറിച്ച് ഏറെ ആശങ്കകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ട്രായ്‌യുടെ പുതിയ നിർദേശങ്ങൾ.