Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അഡാർ’ ചർച്ചയായി ആലിംഗന രാഷ്ട്രീയം; ആഘാതം മാറാതെ ബിജെപി, രാഷ്ട്രീയ വിജയമാക്കി കോൺഗ്രസ്

Hugs പല കാലങ്ങളിലായി മോദിയുടെയും രാഹുലിന്റെയും രാഷ്ട്രീയ,നയതന്ത്രതല ആലിംഗനങ്ങൾ ശ്രദ്ധേയമായിട്ടുണ്ട്. അവയിൽ ചിലത്.

ന്യൂഡൽഹി∙ അപ്രതീക്ഷിത സ്നേഹാലിംഗനത്തിന്റെ ആഘാത‌ത്തിലാണ് ബിജെപി. കോൺഗ്രസാകട്ടെ, രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി കളംപിടിച്ചതി‌ന്റെ ഉണ‌ർവിലും.

സ്പീക്കർ ‌സുമിത്ര മഹാജന്റെ ഭാഷയിലും ഭാവത്തിലും പ്രകടമായതു രാഹുൽ പ്രധാനമന്ത്രിക്കു മേൽ ആധിപത്യമുണ്ടാക്കാൻ ശ്രമിച്ചതിലുള്ള അസ്വസ്ഥതയാണ്. നരേന്ദ്ര മോദിയുടെ തട്ടകത്തിലേക്കു കടന്നുകയറി രാഹുൽ വിജയിയെപ്പോലെ മടങ്ങുമെന്നു ബിജെപിയുടെ മുതിർന്ന നേതാക്കളും പ്രതീക്ഷിച്ചിരുന്നില്ല. അതു വോട്ടെടുപ്പ് ജയത്തിന്റെ ശോഭ കുറച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണ കാലത്തെ മോദിയെയാണ് ലോക്സഭയിൽ രാഹുൽ ഓർമിപ്പിച്ചത്. ‘ഡൽഹിയിൽ അമ്മയും മകനും ചേർന്നു കൊണ്ടുനടക്കുന്ന സർക്കാരിന്റെ കാലം കഴിഞ്ഞെ’ന്ന് അന്നു മോദി പറഞ്ഞെങ്കിൽ, ‘എന്റെ നേർക്കു നോക്കാൻ ഭയന്നു പ്രധാനമന്ത്രി ഒളിച്ചു കളിക്കുന്നതു കണ്ടില്ലേ’ എന്നായി രാഹുൽ. 15 ലക്ഷം രൂപ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ വീഴുമെന്നു മോദി. അത് അദ്ദേഹത്തിന്റെ ഒന്നാം നമ്പർ തള്ളെന്നു രാഹുൽ: പ്രതിപക്ഷത്തിരിക്കുന്നതു കൊണ്ടുള്ള പ്രയോജനം തനിക്കും മന‌സ്സിലായെന്നു പ്രഖ്യാപിക്കുക കൂടിയായിരുന്നു, കോൺഗ്രസ് അധ്യക്ഷൻ.

രാഹുൽ നാണക്കേടുണ്ടാക്കി: ജയ്റ്റ്‌ലി

പാർട്ടി അണികൾക്കിടയിൽ രാഹുൽ പടർത്തിയ അസ്വസ്ഥത ബി‌ജെപി നേതാക്കളുടെ പ്രതികരണങ്ങളിൽ വ്യക്തമായി. റഫാൽ ഇടപാടിനെക്കുറിച്ചു പറഞ്ഞതുവഴി രാഹുൽ ഇന്ത്യക്കാരുടെ വില കളഞ്ഞെന്നായിരുന്നു മന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ ആക്ഷേപം. ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് ‌നേതാവ് വളച്ചൊടിച്ചു; ആഗോളതലത്തിൽ ഇന്ത്യയിലെ രാഷ്ട്രീയക്കാർക്കു നാണ‌ക്കേടുണ്ടാക്കി– ജയ്റ്റ്ലി കുറ്റപ്പെടുത്തി.

വിഷം കുത്തിവച്ചു കാണും: സ്വാമി

പ്രധാനമന്ത്രി ഉടൻ വൈദ്യപരിശോധന നടത്തണമെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ഉപദേശം. റഷ്യക്കാരും ഉത്തര കൊറിയക്കാരും ചെയ്യുംപോലെ കെട്ടിപ്പിടിച്ചതിനിടെ വിഷം കുത്തിവച്ചിട്ടുണ്ടോയെന്നു പരിശോധിക്കണം.

സ്പീക്കർക്കെതിരെ പ്രതിപക്ഷം

സ്പീക്കർ സുമിത്ര മഹാജനോടു പ്രതിപക്ഷത്തിന്റെ എതിർപ്പു കൂടുകയാണ്. ഭരണപക്ഷത്തോടു കാട്ടിയ പരിഗണന പ്രതിപക്ഷത്തോടു കാ‌ട്ടിയില്ലെന്നും പ്രധാനമന്ത്രിക്കെതിരായ ഓരോ വാക്കിനോടും അവർ അസഹിഷ്ണുത കാട്ടിയെ‌ന്നുമാണു കു‌റ്റപ്പെടുത്തൽ. ചെറിയ ക‌ക്ഷികൾക്ക് ഒട്ടും പരിഗണന നൽകിയില്ല. ടിഡിപി നേതാവിനെ മറുപടി പറയാൻ വിട്ടില്ല.

കഴിഞ്ഞ സമ്മേളനത്തിൽ അവിശ്വാസപ്രമേയം അനുവദിക്കാൻ തന്നെ കൂട്ടാക്കാതിരുന്ന ‌സ്പീക്കർക്കെതിരെ ഇനി പരസ്യമായി പ്ര‌‌തികരി‌ക്കുമെന്ന സൂചന‌യാണു പ്രതിപക്ഷം നൽകിയത്.

രാഷ്ട്രനിർമാണത്തിനു വേണ്ടത് സ്നേഹം: രാഹുൽ

ആലിംഗനവും അഡാർ കടാക്ഷവും കുറിക്കു കൊണ്ടതിൽ സന്തുഷ്ടനായിരുന്നു രാഹുൽ. ‘പ്രധാനമന്ത്രി വിദ്വേഷവും ഭയാശങ്കയും കോപവും പ്രയോഗിക്കുന്നു. ഞങ്ങൾ ജനമനസ്സുകളിൽ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വിത്തു വിതയ്ക്കുന്നു’ – കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു.

വിതയ്ക്കലും കൊയ്യലും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പിടിച്ചുനിന്നു രാഷ്ട്രീയപ്പോരിന്റെ വിത്തു വിതയ്ക്കാൻ തനിക്കാവുമെന്നു തെളിയിച്ചതു രാഹുലിന്റെ വിജയം. എങ്കിലും കടന്നാക്രമണങ്ങളുടെ തീവ്രത അദ്ദേഹം നിലനിർത്തുന്നില്ലെന്ന ആക്ഷേപം ഇപ്പോഴുമുണ്ട്. അതു മറികടക്കേണ്ടതു കോൺഗ്രസിന്റെ ആവശ്യം; ‌പ്രതിപക്ഷത്തിന്റെയും.