Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാരനെ കൊലപ്പെടുത്തിയ മൂന്നു ഭീകരരെ വെടിവച്ചുകൊന്നു

kashmir കശ്മീരിലെ കുൽഗാം ജില്ലയിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ തകർന്ന വീടിനു സമീപം പ്രദേശവാസികൾ. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വെടിവച്ചുകൊന്നു. ചിത്രം ∙ പിടിഐ

ശ്രീനഗർ ∙ പൊലീസ് കോൺസ്റ്റബിളിനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നു ഭീകരരെ സൈന്യം വെടിവച്ചുകൊന്നു. കുൽഗാം ജില്ലയിൽ പൊലീസ് കോൺസ്റ്റബിൾ സലീംഷായെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ അകലെയാണു സുരക്ഷാസൈനികർ ഹിസ്ബുൽ ഭീകരരെ വെടിവച്ചുകൊന്നത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ഭടന്മാർ നടത്തിയ തിരച്ചിലിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. വെടിയേറ്റു വീണ ഭീകരരിൽ ഒരാൾ പാക്കിസ്ഥാൻകാരനാണ്. രണ്ടുപേർ നാട്ടുകാരും. എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.

ഇതിനിടെ, കഠ്‌വ മേഖലയിലെ രാജ്യാന്തര അതിർത്തിക്കു സമീപം പാക്കിസ്ഥാനിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി രക്ഷാസേന വെടിവച്ചുകൊന്നു. ഇതേസമയം, ജമ്മു കശ്മീരിൽ ഗവർണർ ഭരണം ആരംഭിച്ച ശേഷം ഭീകരാക്രമണങ്ങൾ കുറഞ്ഞെന്നും എന്നാൽ കല്ലേറു നടത്തുന്ന സംഭവങ്ങൾ വർധിച്ചെന്നും അധികൃതർ പറഞ്ഞു. ജൂൺ 16 മുതൽ ഈ മാസം 15 വരെ ഉണ്ടായ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര മന്ത്രാലയം ഈ നിഗമനത്തിലെത്തിയത്. പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം കുഴിബോംബിൽ ചവിട്ടി സൈനികനു പരുക്കേറ്റു.