Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2019–ലേക്ക് കോൺഗ്രസ് തന്ത്രം: വിട്ടുവീഴ്ചകളുടെ വിശാല സഖ്യം

congress-working-committee-meeting പൂക്കാലം കാത്ത് : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് വിശാല പ്രവർത്തക സമിതി യോഗത്തിൽ പൂച്ചെണ്ടു സ്വീകരിച്ചശേഷം വേദിക്കു പിന്നിലേക്കു കൈമാറുന്ന സോണിയാ ഗാന്ധി. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർ സമീപം. ചിത്രം: ജെ.സുരേഷ് ∙ മനോരമ

ന്യൂഡൽഹി∙ ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ വിശാല മനസ്സോടെയും വിട്ടുവീഴ്ചകൾക്കു തയാറായും സംസ്ഥാനതലത്തിൽ പ്രാദേശിക സഖ്യങ്ങൾ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചു വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കു കോൺഗ്രസ് കാഹളം മുഴക്കി. തിരഞ്ഞെടുപ്പിനു മുൻപും ശേഷവുമുള്ള സഖ്യങ്ങൾ രൂപീകരിക്കാൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പാർട്ടി പ്രവർത്തക സമിതി യോഗം ഏകകണ്ഠമായി ചുമതലപ്പെടുത്തി. രാഹുലിന്റെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാനതല കൂട്ടുകെട്ടുകൾക്ക് അന്തിമ രൂപം നൽകും.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ രാഹുൽ പ്രധാനമന്ത്രി സ്ഥാനാർഥിയാവും. തിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി ഇക്കാര്യത്തിൽ പാർട്ടി വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന വലിയ ലക്ഷ്യത്തിനായി സഖ്യങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കുമെന്നും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് വ്യക്തമാക്കി. 

ബിജെപിയെ ഒറ്റയ്ക്കു മറികടക്കാനുള്ള കെൽപ്പ് പാർട്ടിക്കില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ്, ബിജെപി വിരുദ്ധ ജനാധിപത്യ, മതനിരപേക്ഷ കക്ഷികളെ കോർത്തിണക്കിയുള്ള വിശാല പ്രതിപക്ഷ രൂപീകരണമാണ് കോൺഗ്രസ് അടിയന്തരമായി ലക്ഷ്യമിടുന്നത്. 2004 ലെ തിരഞ്ഞെടുപ്പിലെ പ്രകടനം (നേടിയത് 145 സീറ്റ്) ആവർത്തിക്കാൻ കഴിഞ്ഞാൽ സഖ്യകക്ഷികളെ പിന്നിൽ അണിനിരത്തി രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുക; സീറ്റുകളുടെ എണ്ണം കുറഞ്ഞാൽ പ്രബല സഖ്യകക്ഷികൾക്കു മുൻഗണന നൽകി, അണിയറയിൽ ചാലകശക്തിയായി നിന്ന് സർക്കാരുണ്ടാക്കി മോദിയെ അധികാരത്തിൽ നിന്ന് അകറ്റുക.

മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), മായാവതി (ബിഎസ്പി), അഖിലേഷ് യാദവ് (എസ്പി), തേജസ്വി യാദവ് (ആർജെഡി), എം.കെ.സ്റ്റാലിൻ (ഡിഎംകെ), എച്ച്.ഡി. കുമാരസ്വാമി (ജെഡിഎസ്) എന്നിവർ സഖ്യ കൂട്ടുകെട്ടിൽ നിർണായക പങ്കു വഹിക്കും. 

12 സംസ്ഥാനം; 150 സീറ്റ്

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ഒൗദ്യോഗിക തുടക്കം കുറിച്ചതുവഴി, പ്രചാരണത്തിൽ ബിജെപിയെ കടത്തിവെട്ടാൻ കോൺഗ്രസ് കച്ചമുറുക്കുകയാണ്. കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, കർണാടക തുടങ്ങി പാർട്ടിക്കു സ്വാധീനമുള്ള 12 സംസ്ഥാനങ്ങളിൽ നിന്ന് 150 സീറ്റ് നേടുകയാണു ലക്ഷ്യം. ബാക്കിയുള്ളിടത്ത് ബിജെപിയുടെ സീറ്റുകൾ പരമാവധി കുറയ്ക്കും. ഇതിനായി പ്രബല പ്രാദേശിക കക്ഷിക്കു പിന്നിൽ കോൺഗ്രസ് അണിനിരക്കും. ബിഹാർ, യുപി, ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ പത്തിൽ താഴെ സീറ്റിൽ മാത്രം വിജയിക്കുന്ന സാഹചര്യവും ഉണ്ടാകാം. സംസ്ഥാന കേന്ദ്രീകൃത സഖ്യങ്ങളാണു പാർട്ടി രൂപീകരിക്കുക. ഒരു സംസ്ഥാനത്തെ എതിരാളി, മറ്റൊരിടത്തു മിത്രമാകും. ഇടതു കക്ഷികൾ മുതൽ തൃണമൂൽ വരെയുള്ളവരുമായുള്ള സഖ്യങ്ങൾക്കു രാഹുൽ മുൻകയ്യെടുക്കും.

∙ 'ബിജെപിയുടെ സംഘടനാ, സാമ്പത്തിക കരുത്തിനെ മറികടക്കാൻ വിശാല മനസ്സോടെയുള്ള പ്രാദേശിക സഖ്യങ്ങൾ അനിവാര്യം. മോദിയുടെ പതനത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു.' – സോണിയ ഗാന്ധി