സംവരണ പ്രക്ഷോഭം: ഹാർദിക് പട്ടേലിന് രണ്ടുവർഷം തടവ്

ഹാർദിക് പട്ടേൽ.

അഹമ്മദാബാദ്∙ പട്ടേൽ സംവരണ പ്രക്ഷോഭത്തിനിടെ മൂന്നുവർഷം മുൻപ് എംഎൽഎയുടെ ഓഫിസ് ആക്രമിച്ച കേസിൽ ഹാർദിക് പട്ടേലിനും രണ്ടു കൂട്ടാളികൾക്കും രണ്ടുവർഷത്തെ തടവുശിക്ഷ. വിസ്നഗർ സെഷൻസ് ജഡ്ജി വി.പി.അഗർവാൾ പിന്നീടു മൂവരെയും ജാമ്യത്തിൽ വിട്ടു.

വിസ്നഗറിലെ ബിജെപി എംഎൽഎ ഋഷികേശ് പട്ടേലിന്റെ ഓഫിസ് ആക്രമിച്ച കേസിലാണു ഹാർദിക്, ലാൽജി പട്ടേൽ, എ.കെ.പട്ടേൽ എന്നിവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്. തടവിനു പുറമേ അരലക്ഷം രൂപ വീതം പിഴയും വിധിച്ചു. മറ്റു 14 പേരെ വിട്ടയച്ചു. നഷ്ടമുണ്ടായ വ്യക്തികൾക്കു പിഴത്തുകയിൽ നിന്നു നഷ്ടപരിഹാരം നൽകും. 

അതേസമയം, സംവരണത്തിനു വേണ്ടിയുള്ള പട്ടേൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നു ഹാർദിക് വ്യക്തമാക്കി. എന്നാൽ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നു സൂചന നൽകിയിരുന്ന ഹാർദിക്കിനു ശിക്ഷ തിരിച്ചടിയായി.

 ഹൈക്കോടതിയിൽ നിന്നു സ്ഥിരം ജാമ്യം ലഭിച്ചാൽ മാത്രമേ മത്സരിക്കാനാവൂ.ഈ മാസം 25നു പട്ടേൽ പ്രക്ഷോഭകർ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.