Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിവുതെറ്റി; ബന്ദ് ‘ബാധിച്ച് ’ മുംബൈ

Mumbai Bandh

മുംബൈ∙ ഭാരത് ബന്ദ് പോലും വലിയ തോതിൽ ബാധിക്കാത്ത മുംബൈയിൽ, സംവരണം ആവശ്യപ്പെട്ടു മറാഠ സമുദായം ആഹ്വാനം ചെയ്ത ബന്ദിൽ പലയിടത്തും അക്രമം. നിർബന്ധിച്ചു കടയടപ്പിക്കലും ബസുകൾക്കു നേരെ അക്രമവും വഴിതടയലും ലോക്കൽ ട്രെയിൻ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുമായി ബന്ദ് പതിവിലും കൂടുതൽ മുംബൈയെ ബാധിച്ചു. ബസും പൊലീസ് വാഹനങ്ങളും കത്തിച്ചു. ചിലയിടങ്ങളിൽ പൊലീസ് ലാത്തിച്ചാർജും പ്ലാസ്റ്റിക് ബുള്ളറ്റ് പ്രയോഗവും നടത്തി. അക്രമം പടരുന്നതു തടയാനായി മുംബൈ ബന്ദ് പിൻവലിക്കുകയാണെന്ന് ഉച്ചയ്ക്കു മൂന്നിന് മറാഠ ക്രാന്തി മോർച്ച അറിയിച്ചു. അതേസമയം, താനെ, നവിമുംബൈ, റായ്ഗഡ്, പാൽഘർ മേഖലകളിൽ ബന്ദ് തുടർന്നു. 

മറാഠ സംവരണ വിഷയത്തിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ശിവസേന എംഎൽഎ ഹർഷവർധൻ ജാധവും എൻസിപി എംഎൽഎ ബാഹുസാഹെബ് പാട്ടീൽ ചികത്ഗാവ്ങ്കറും രാജി പ്രഖ്യാപിച്ചു. അതിനിടെ, പ്രതിഷേധക്കാരുമായി ചർച്ചയ്ക്കു തയാറാണെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. 

സമാധാനപരമായി പ്രതിഷേധിക്കാനാണ് സംഘടന ആഹ്വാനം ചെയ്തിരുന്നതെങ്കിലും മറാഠകൾ നിർബന്ധിച്ചു കടകൾ അടപ്പിച്ചു. മുംൈബ-പുണെ എക്സ്പ്രസ് വേ, സയൺ-പൻവേൽ ഹൈവേ, മുംൈബ-ബെംഗുളുരു ഹൈവേ എന്നിവയുൾപ്പെടെ ഒട്ടേറെ പ്രധാന പാതകൾ തടഞ്ഞു. ആയിരക്കണക്കിനു വാഹനങ്ങളും യാത്രക്കാരും വഴിയിൽ കുടുങ്ങി. കല്ലേറിൽ മൂന്നു പൊലീസുകാർക്കു പരുക്കേറ്റു. 

അതിനിടെ, ഒൗറംഗബാദിൽ സംവരണ പ്രക്ഷോഭത്തിനിടെ വിഷം കഴിച്ച ജഗനാഥ് സോനാവ്ണെ (55) ആശുപത്രിയിൽ മരിച്ചു. അതേസമയം, കുടുംബപ്രശ്നങ്ങളാണു ജീവനൊടുക്കാൻ കാരണമെന്നാണു പൊലീസ് പറയുന്നത്.