Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജവാന്മാരുടെ സ്ഥാനക്കയറ്റം വേഗത്തിലാകും

Indian Army

ന്യൂഡൽഹി ∙ ജവാന്മാരുടെ സ്ഥാനക്കയറ്റത്തിൽ ഇളവ് അനുവദിച്ചു കേന്ദ്ര പ്രതിരോധ മന്ത്രാലയം. സ്ഥാനക്കയറ്റത്തിനുള്ള സേവനകാലാവധി പരിഗണിക്കുന്നതിനുള്ള മുൻകാല പ്രാബല്യ തീയതി 2008 സെപ്റ്റംബർ ഒന്നിൽനിന്ന് 2006 ജനുവരി ഒന്നിലേക്കു മാറ്റി. സിപോയ്ക്ക് എട്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ നായിക് ആയി സ്ഥാനക്കയറ്റം ലഭിക്കും. 16 വർഷ സേവനം പൂർത്തിയാക്കുന്നവർ ഹവീൽദാറും 24 വർഷം പൂർത്തിയാക്കുന്നവർ നായിബ് സുബേദാറും ആകും വിധമാണു നിലവിൽ സ്ഥാനക്കയറ്റത്തിനുള്ള സേവനകാലാവധി.

ഈ വ്യവസ്ഥകൾ 2006 ജനുവരി ഒന്നു മുതൽ പരിഗണിക്കുമെന്നു കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ മന്ത്രാലയം വ്യക്തമാക്കി. മുൻകാല പ്രാബല്യ തീയതി 2006ലേക്കു മാറ്റിയതോടെ, ജവാന്മാരുടെ സ്ഥാനക്കയറ്റം വേഗത്തിലാകും. സേനയിൽനിന്നു വിരമിച്ചവർക്കും ഗുണം ലഭിക്കും. ഇതിനു പുറമെ, ജൂനിയർ കമ്മിഷൻഡ് ഓഫിസർമാരെ (ജെസിഒ) ഗസറ്റഡ് റാങ്കിൽനിന്ന് ഒഴിവാക്കിയ മുൻ ഉത്തരവ് മന്ത്രാലയം റദ്ദാക്കി. കരസേനയിലെ ജെസിഒമാരെയും നാവിക, വ്യോമ സേനകളിൽ അവർക്കു തുല്യമായ പദവികൾ വഹിക്കുന്നവരെയും ഗസറ്റഡ് ഉദ്യോഗസ്ഥരായി പരിഗണിക്കുന്നതാണു പുതിയ ഉത്തരവ്. ആകെ 64,000 ഉദ്യോഗസ്ഥർക്ക് പ്രയോജനം ലഭിക്കും.