ഗൗരി ലങ്കേഷ് വധം: പ്രതികൾക്ക് വീട് വാടകയ്ക്കെടുത്തു കൊടുത്തയാൾ പിടിയിൽ

ബെംഗളൂരു ∙ ഗൗരി ലങ്കേഷിന്റെ ഘാതകർക്കു താമസസൗകര്യം ഒരുക്കിയെന്നു സംശയിക്കുന്ന സനാതൻ സൻസ്ത പ്രവർത്തകൻ എച്ച്.എൽ.സുരേഷിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

ഗൗരിക്കുനേരെ വെടിയുതിർത്ത പരശുറാം വാഗ്മറെ ഒളിച്ചു താമസിപ്പിച്ചത് ഇയാൾ വാടകയ്ക്കെടുത്ത വീട്ടിലെന്നാണു വിവരം. നേരത്തെ അറസ്റ്റിലായ ഹിന്ദു ജനജാഗൃതി സമിതി മുൻ കൺവീനർ അമോൽ കാലെയുടെ നിർദേശപ്രകാരമായിരുന്നു ഇത്. അറസ്റ്റിലുള്ള മറ്റു പ്രതികളായ കെ.ടി.നവീൻകുമാർ, പ്രവീൺ, അമിത് ദേഗ്വേക്കർ, മനോഹർ ഇവ്ഡെ എന്നിവരും ഈ വീട്ടിൽ താമസിച്ചിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തത് ഇവിടെ വച്ചാണ്. ഗൗരി കൊല്ലപ്പെട്ടതിനു തൊട്ടടുത്ത ദിവസം പ്രതികൾ വീടൊഴിഞ്ഞു. 

അതിനിടെ, മടിക്കേരിയിൽ നിന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷ് ഡി.ബംഗേര കുടകിൽ നിന്നുള്ള കോൺഗ്രസ് എംഎൽസി (നിയമസഭാ കൗൺസിൽ അംഗം) വീണ അച്ചയ്യയുടെ പിഎയാണെന്നു പൊലീസ്. പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ആയിരുന്ന രാജേഷിനെ 2016ലാണ് എംഎൽസിയുടെ പിഎ ആയി നിയമിച്ചതെന്നും എന്നാൽ ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അച്ചയ്യ പറയുന്നു. പരശുറാം വാഗ്മറെ തോക്ക് ഉപയോഗിക്കാൻ പരിശീലിപ്പിച്ചത് രാജേഷെന്നാണു സൂചന.