Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗി ആദിത്യനാഥിനു മുന്നിൽ മുട്ടുകുത്തി പൊലീസുകാരൻ

ഗോരഖ്പുർ ∙ ഗുരുപൂർണിമ ദിവസം ഗോരഖ്നാഥ് ക്ഷേത്രത്തിലെ ചടങ്ങുകൾക്കിടെ, മുഖ്യതന്ത്രികൂടിയായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന പൊലീസുകാരന്റെ ഫോട്ടോ വൈറലായി. ക്ഷേത്രത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന സർക്കിൾ ഓഫിസർ പ്രവീൺ സിങ് യൂണിഫോമിട്ടു യോഗിക്കു മുന്നിൽ മുട്ടുകുത്തി നിന്നു കൈകൂപ്പി അനുഗ്രഹം വാങ്ങുന്ന ഫോട്ടോയാണു സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.

യൂണിഫോമിലായിരുന്നെങ്കിലും ബെൽറ്റ് അഴിച്ച്, തൊപ്പി ഊരിമാറ്റി തൂവാല തലയിലിട്ടാണു യോഗിയുടെ ആശീർവാദം വാങ്ങിയത്. ദസറ, ഗുരുപൂർണിമ പോലെയുള്ള വിശേഷദിവസങ്ങളിൽ ക്ഷേത്രത്തിലെ ഗുരുവിന്റെ സ്ഥാനമാണു യോഗിക്കെന്നും അനുഗ്രഹം വാങ്ങിയതിൽ തെറ്റില്ലെന്നുമാണു പ്രവീണിന്റെ നിലപാട്. ഇക്കാര്യത്തിൽ പൊലീസ് ചട്ടങ്ങളിൽ വ്യക്തതയില്ലെന്ന് ഐജി അമിതാഭ് ഠാക്കൂർ പറഞ്ഞു. യൂണിഫോമിന്റെ മഹിമ കാത്തുസൂക്ഷിക്കാൻ പൊലീസുദ്യോഗസ്ഥൻ ബാധ്യസ്ഥനാണെന്നും അഭിപ്രായപ്പെട്ടു.