Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായികളോടൊപ്പം നിൽക്കാൻ പേടിയില്ല: ‌മോദി

Narendra Modi

ലക്നൗ∙ വ്യവസായികൾക്കൊപ്പം നിൽക്കാൻ തങ്ങൾക്കു ഭയമില്ലെന്നും കർഷകരെയും തൊഴിലാളികളെയും പോലെ രാജ്യത്തിന്റെ വികസനത്തിൽ പങ്കു വഹിക്കുന്നവരാണ് അവരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിൽ 60,000 കോടി രൂപയുടെ 81 വികസന പദ്ധതികൾക്കു തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു മോദി. കുമാരമംഗലം ബിർല, ഗൗതം അഡാനി തുടങ്ങി എൺപതോളം പ്രമുഖ വ്യവസായികൾ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ദേശ്യങ്ങൾ നന്നാണെങ്കിൽ അവരോടൊപ്പം നിന്നതുകൊണ്ടു മാത്രം ആരും കളങ്കിതരാകില്ല. ഗാന്ധിജിയുടെ ലക്ഷ്യങ്ങൾ സംശുദ്ധമായിരുന്നതിനാൽ ബിർല കുടുംബത്തോടൊപ്പം കഴിയാൻ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല. പരസ്യമായി കാണാതിരിക്കുകയും മറവിലിരുന്ന് അവർക്കായി എല്ലാം ചെയ്തുകൊടുക്കുകയും ചെയ്യുന്നവർ മാത്രം ഭയപ്പെട്ടാൽ മതി. ഇക്കാര്യത്തിൽ ഇവിടെയിരിക്കുന്ന എസ്പി മുൻ നേതാവ് അമർസിങ്ങിന് എല്ലാ വിവരവും തരാൻ പറ്റും.– കൂട്ടച്ചിരികൾക്കിടെ അദ്ദേഹം പറഞ്ഞു.

കള്ളന്മാർ എന്നു വിളിച്ച് ബിസിനസുകാരെ അവഹേളിക്കേണ്ട കാര്യമുണ്ടോ? കള്ളത്തരം കാണിക്കുന്നവർക്ക് രാജ്യത്തുനിന്നു മുങ്ങുകയോ ജയിലിൽ പോവുകയോ ചെയ്യാതെ ഇപ്പോൾ തരമില്ല. എല്ലാം രഹസ്യമായി ചെയ്തിരുന്നതിനാൽ മുൻപൊന്നും അതിന്റെ ആവശ്യമുണ്ടായിട്ടില്ല. ആരുടെ വിമാനത്തിലാണ് അന്ന് അവർ യാത്ര ചെയ്തിരുന്നതെന്ന് അറിയാമോ?– മദ്യവ്യവസായി വിജയ് മല്യയുടെ പേരു പരാമർശിക്കാതെ മോദി പറഞ്ഞു.

പ്രസംഗത്തിലുടനീളം പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച മോദി, 70 വർഷമായി രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് അവരാണ് മറുപടി പറയേണ്ടതെന്നു ചൂണ്ടിക്കാട്ടി. നാലു വർഷം മാത്രമാണ് തന്റെ കണക്കിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. യുപിയിൽ ഈ മാസം ആറാമത്തെ റാലിയിലാണു നരേന്ദ്രമോദി പങ്കെടുക്കുന്നത്. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുത്തു.

related stories