Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ദിനു മുൻപേ ഭേദഗതി

Parliament of India

ന്യൂഡൽഹി∙ ദലിത് സംഘടനകൾ ഈ മാസം ഒൻപതിനു വീണ്ടും ബന്ദ് നടത്താനിരിക്കെ, പട്ടികവിഭാഗ പീഡന നി‌രോധന നിയ‌മ ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. ഈ മാസം 10നു സമാപിക്കുന്ന മഴക്കാല സമ്മേളനത്തിൽ തന്നെ ഭേദഗതി കൊണ്ടുവരികയോ പാർലമെന്റ് സമ്മേളനം നേരത്തേ അവസാനിപ്പിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കുകയോ ചെ‌യ്യാൻ സർക്കാരിനു മേൽ സമ്മർദം ശക്തമായിരുന്നു. ബിൽ ഇന്നോ നാളെയോ അവതരിപ്പിച്ചേക്കുമെന്നു സൂചനയുണ്ടെങ്കിലും നിയമമന്ത്രി രവിശങ്കർ പ്രസാദ് സ്ഥിരീകരിച്ചില്ല. തുടർനടപടി ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പട്ടികവിഭാഗക്കാർക്കു വേണ്ടിയുള്ള നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി, ചില വ്യവസ്ഥകൾ ദുർബലമാക്കുംവിധം സുപ്രീം കോടതി പുറപ്പെടുവിച്ച വി‌ധിയാണു കോളിളക്കമുണ്ടാക്കിയത്. പട്ടികവിഭാഗത്തിൽപ്പെട്ടവരെ പീഡിപ്പിച്ചുവെന്ന പരാതികളിൽ അറസ്റ്റിനു മുൻപു ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രാഥമികാന്വേഷണം നടത്തണമെന്നും സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ നിയമന അതോറിറ്റിയുടെയും മറ്റുള്ളവരുടെ അറസ്റ്റിനു സീനിയർ പൊലീസ് സൂപ്രണ്ടിന്റെയും അനുമതി വേണമെന്നും വിധി വ്യക്തമാക്കി. മുൻകൂർ ജാമ്യത്തിനു പൂർണ നിരോധനമില്ലെന്നും വി‌ധിച്ചു ഇത് മറികടക്കാൻ നിയമനിർമാണം ആവശ്യപ്പെട്ടു കഴിഞ്ഞ ഏപ്രിൽ രണ്ടിനു ദലിത് സംഘടനകൾ നടത്തിയ ബന്ദിലുണ്ടായ അക്രമങ്ങളിൽ ഒൻപതു പേരാണു മരിച്ചത്.

വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഇതു മുഖ്യപ്രശ്നമായി രൂപപ്പെടുകയായിരുന്നു. ഭക്ഷ്യമന്ത്രി റാംവിലാസ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടി എൻഡിഎയിൽനിന്നു വിട്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കേന്ദ്രസർക്കാർ റിവ്യു ഹർജി നൽകിയിരുന്നെങ്കിലും സുപ്രീംകോടതി വിധിയിൽ മാറ്റമുണ്ടായില്ല. പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിക്കുമ്പോൾ പ്ര‌‌തികൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാൻ സാഹചര്യമൊരുക്കുന്നതാണു വി‌ധിയെന്നു കേരളവും സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു.

related stories