Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷം ഒറ്റക്കെട്ട്, ബിജെപിയെ തീർക്കും: മമത ബാനർജി

Mamata Banerjee

ന്യൂഡൽഹി∙ ബിജെപിക്കെതിരായ ഐക്യ പ്രതിപക്ഷ നിര സജ്ജമാക്കാൻ രാഷ്ട്രീയ കരുനീക്കവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി വിരുദ്ധ മുന്നണിക്ക് അടിത്തറയൊരുക്കാനുള്ള ദൗത്യവുമായി ഡൽഹിയിലെത്തിയ മമത കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷികളുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നിരയിൽ ആരാകും പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന ചോദ്യത്തിന് ‘എല്ലാവരും രാജാക്കൻമാരാണ്’ എന്ന ടഗോർ കവിത ഉദ്ധരിച്ചു നൽകിയ മറുപടിയിൽ മമത തന്റെ മനസ്സ് ഒളിപ്പിച്ചു.

പ്രധാനമന്ത്രി പദവിയല്ല ബിജെപിയെ താഴെയിറക്കുകയാണു മുഖ്യലക്ഷ്യമെന്ന പ്രഖ്യാപനത്തോടെ നടത്തിയ സന്ദർശനത്തിൽ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായി അവർ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വരവിൽ മറ്റു പ്രതിപക്ഷ കക്ഷികളെ സന്ദർശിച്ച മമത, സോണിയയെയും രാഹുലിനെയും ഒഴിവാക്കിയിരുന്നു. ഇക്കുറി ഇരുവരുമായി അര മണിക്കൂറോളം നടത്തിയ ചർച്ചയിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കൂട്ടുകെട്ടിനു മമത കൈ നീട്ടി. ‘പ്രതിപക്ഷം ഒറ്റക്കെട്ടാണ്; 2019ൽ ഞങ്ങൾ ബിജെപിയെ തീർക്കും’ – എന്ന ഒറ്റവാചകത്തിൽ പ്രതിപക്ഷ തന്ത്രം വ്യക്തമാക്കി.

ജനുവരി 19നു കൊൽക്കത്തയിൽ തൃണമൂൽ നടത്തുന്ന റാലിയിലേക്കു വിവിധ കക്ഷികളെ ക്ഷണിക്കാൻ കൂടിയായിരുന്നു മമതയുടെ സന്ദർശനം. ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, ഡിഎംകെ. ആർജെഡി, എസ്പി, ജെഡിഎസ് നേതാക്കളുമായും അവർ കൂടിക്കാഴ്ച നടത്തി. മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനി, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എന്നിവരെയും റാലിയിലേക്കു ക്ഷണിച്ചതു ശ്രദ്ധേയമായി. കൊൽക്കത്ത റാലി ദേശീയ രാഷ്ട്രീയത്തിൽ മമതയുടെ മേധാവിത്വം ഉറപ്പിക്കുമെന്ന കണക്കുകൂട്ടലിലാണു തൃണമൂൽ.

related stories