Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർലമെന്റിലും നീറിപ്പുകഞ്ഞ് അസം പൗരത്വ പ്രശ്നം; രാജ്യസഭ മുടങ്ങി

Indian-Parliament-house

ന്യൂഡൽഹി∙ അസം പൗരത്വ പ്രശ്നം ദേശീയപ്രശ്നമാകുന്നുവെന്ന സൂചനകളോടെ പാർലമെന്റ് വീണ്ടും പ്രക്ഷുബ്ധമായി. പൗരത്വ റജിസ്റ്ററിൽ ഇടം കിട്ടാത്തവരെ സന്ദർശിക്കാൻ ശ്രമിച്ച തൃണമൂൽ കോൺഗ്രസ് എംപിമാരെ അസമിലെ സിൽച്ചർ വിമാനത്താവളത്തിൽ തടഞ്ഞു. ആറു തൃണമൂൽ എംപിമാരും സംസ്ഥാന മന്ത്രിയും ഉൾപ്പെട്ട സംഘത്തെയാണു തടഞ്ഞത്. ഇതിനെതിരെ തൃണമൂൽ കോൺഗ്രസ്, ലോ‌ക്സഭയിൽ അവകാശലംഘന നോട്ടിസ് നൽ‌കി; പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭ മുടങ്ങി.

അസം മാതൃകയിൽ രാജ്യമെങ്ങുമുള്ള അനധികൃത പൗരന്മാരെ കണ്ടെത്തണമെന്നു ലോക്സഭയിൽ ബിജെപി അംഗം നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കശ്മീരിലും സെൻസസ് വേണ്ടവിധം നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതു പ്രതിപക്ഷത്തെ ക്ഷുഭിതരാക്കി. ഇതേസമയം, രാജ്യത്ത് ആഭ്യന്തരയുദ്ധവും രക്തച്ചൊരിച്ചിലുമുണ്ടാകുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നൽകിയ മുന്നറിയിപ്പിലേക്കാണു തൃണമൂൽ നേതാവ് സുഗത റോയ് ശ്രദ്ധ ക്ഷണിച്ചത്. അസം സന്ദർശിച്ചു സ്ഥിതിഗതികൾ നേ‌രിട്ടു വിലയിരുത്താൻ അദ്ദേഹം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനോട് അഭ്യർഥിച്ചു.

പൗരത്വ റജി‌സ്റ്റർ പ്ര‌ശ്നത്തിൽ ആഭ്യന്തര‌മന്ത്രിയുടെ മറുപടിയാവശ്യപ്പെട്ടാണു തൃണമൂൽ അംഗങ്ങൾ രാജ്യസഭ സ്തംഭിപ്പിച്ചത്. ‘വിഷയം ദേശീയപ്രാധാന്യമുള്ളതും സ്ഫോടനാത്മകവുമാണ്. ദേശതാൽപര്യം പരിഗണിച്ച്, ഇക്കാര്യത്തിൽ ‌‌സർക്കാർ എന്തു ചെയ്യാനുദ്ദേശിക്കുന്നുവെന്ന് ആ‌ഭ്യന്തര മന്ത്രി വെളിപ്പെടുത്തണം’ – എൻസിപി നേതാവ് ശരദ് പവാർ ആവ‌ശ്യപ്പെട്ടു. കോൺഗ്രസും തൃണമൂൽ നിലപാടിനെ പിന്തുണച്ചു.

അസം, ഇന്ത്യയിലെ റാഖൈൻ: സുഗത റോയ്

അസം, ഇന്ത്യയിലെ റാഖൈനായി രൂപപ്പെടുകയാണെന്നു സുഗത റോയ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ‌മ്യാൻമറിൽ രോഹിൻഗ്യ മുസ്‌ലിംകളുടെ സംസ്ഥാനമാണു റാഖൈൻ. ജനസംഖ്യാ കണക്കെടുപ്പിൽ രാജ്യത്തെ പൗരന്മാരല്ലാതായ അവരിൽ നല്ല പങ്കും ബംഗ്ലദേശിൽ അഭയം തേടിയിരിക്കുകയാണ്. ആധുനിക കാലത്തെ ഏറ്റവും വലിയ അഭയാർഥി പ്രശ്നമായാണു യുഎൻ ഇതിനെ കണക്കാക്കുന്നത്. ഇടക്കാലത്തു കെട്ടടങ്ങി നിന്ന മണ്ണിന്റെ മക്കൾ വാദം വിവിധ ‌സംസ്ഥാനങ്ങളിൽ തലയുയർത്താനുള്ള സാധ്യതയാണു ഭീഷണിയുയർത്തുന്നത്. തിരഞ്ഞെടുപ്പു ചൂടേറുന്നതിനിടെ പ്രാദേശിക വികാരങ്ങൾ ആളിക്കത്തുമെന്ന ആശങ്ക ശക്തിപ്പെടുന്നു.