Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌ഗുജറാത്ത് കൂട്ടക്കൊല: അമിത് ഷായുടെ മൊഴി അവിശ്വസനീയമെന്ന് എസ്ഐടി

Amit-Shah-Modi

അഹമ്മദാബാദ്∙ ഗുജറാത്ത് കലാപകാലത്തെ നരോദ ഗാം കൂട്ടക്കൊലക്കേസിൽ പ്രതിയായ മുൻമന്ത്രി മായാ കോഡ്നാനിക്ക് അനുകൂലമായി ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ നൽകിയ മൊഴി വിശ്വസനീയമല്ലെന്ന് പ്രത്യേകാന്വേഷണസംഘം (എസ്ഐടി) കോടതിയിൽ. എംഎൽഎയായിരുന്ന മായ കോഡ്നാനി, സംഭവ ദിവസം തനിക്കൊപ്പം നിയമസഭയിലും പിന്നീട് സിവിൽ ആശുപത്രിയിലും ഉണ്ടായിരുന്നു എന്നാണ് അമിത് ഷാ കഴിഞ്ഞ സെപ്റ്റംബറിൽ മൊഴി നൽകിയത്.

എന്നാൽ, വർഷങ്ങൾക്കു ശേഷം നൽകിയ മൊഴി അവിശ്വസനീയവും അപ്രസ്കതവുമാണെന്നും കേസിലെ മറ്റു പ്രതികളൊന്നും മായ ആശുപത്രിയിലുണ്ടായിരുന്നതായി പറഞ്ഞിട്ടില്ലെന്നും പ്രോസിക്യൂട്ടർ ഗൗരങ് വ്യാസ് ബോധിപ്പിച്ചു. ഇക്കാര്യം ഇന്നു കോടതി വീണ്ടും പരിഗണിക്കും. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷിക്കുന്ന ഗുജറാത്ത് കലാപത്തിലെ പ്രധാനപ്പെട്ട ഒൻപതു കേസുകളിലൊന്നാണ് നരോദ ഗാം കൂട്ടക്കൊല.

11 മുസ്‌ലിംകളാണ് ഇവിടെ കൊല്ലപ്പെട്ടത്. കലാപം, കൊലപാതകം, ഗൂഢാലോചന, വധശ്രമം എന്നീ കുറ്റങ്ങളാണ് കോഡ്നാനിക്കെതിരെ ചുമത്തിയിട്ടുള്ളത്. 96 പേർ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസിൽ നേരത്തേ ഇവരെ പ്രത്യേക കോടതി 28 വർഷം തടവിനു ശിക്ഷിച്ചിരുന്നുവെങ്കിലും ഗുജറാത്ത് ഹൈക്കോടി പിന്നീട് കുറ്റവിമുക്തയാക്കി.