സേവ് ചെയ്യാത്ത നമ്പർ കോൺടാക്ട് പട്ടികയിൽ; ആ നമ്പർ തങ്ങളുടേതല്ലെന്ന് ആധാർ അതോറിറ്റി

ന്യൂഡൽഹി∙ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടേതായി (യുഐഡിഎഐ) പലരുടെയും മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ട ഹെൽപ് ലൈൻ നമ്പർ തങ്ങളുടേതല്ലെന്ന് ആധാർ അതോറിറ്റി. ഉപയോക്താക്കൾ സേവ് ചെയ്യാത്ത നമ്പർ മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ടതു വിവാദമായതിനു പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.

മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ട 1800–300–1947 എന്ന ടോൾഫ്രീ നമ്പർ തങ്ങളുടേതല്ല. 1947 എന്നതാണ് ഔദ്യോഗിക ടോൾഫ്രീ ഹെൽപ്‌ലൈൻ നമ്പർ. ഇതു രണ്ടു വർഷത്തിലേറെയായി പ്രവർത്തനക്ഷമമാണ്. ഇതു മൊബൈൽ കോൺടാക്ട് പട്ടികയിൽ ഉൾപ്പെടുത്താൻ ഏതെങ്കിലും മൊബൈൽ ഹാൻഡ് സെറ്റ് നിർമാതാക്കളോടോ സേവന ദാതാക്കളോടോ ആവശ്യപ്പെട്ടിട്ടില്ല.

ചില നിക്ഷിപ്ത താൽപര്യക്കാർ അനാവശ്യ പ്രചാരണം നടത്തുകയാണെന്നും ആധാർ അതോറിറ്റി വിശദീകരിച്ചു. സേവ് ചെയ്യാത്ത നമ്പർ എങ്ങനെ മൊബൈൽ ഫോൺ കോൺടാക്ട് പട്ടികയിൽ പ്രത്യക്ഷപ്പെട്ടുവെന്നതിനു പക്ഷെ വിശദീകരണമില്ല.