Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമതയോ മായാവതിയോ പ്രധാനമന്ത്രിയായാൽ എന്താണ് കുഴപ്പം: ഗൗഡ

Mamata Banerjee, Mayawati

ബെംഗളൂരു∙ എന്തുകൊണ്ടാണ് പുരുഷന്മാർ തന്നെ പ്രധാനമന്ത്രി ആകുന്നത്? മമത ബാനർജിക്കോ മായാവതിക്കോ എന്തുകൊണ്ട് ആ സ്ഥാനം അലങ്കരിച്ചുകൂടാ? ചോദ്യം മുൻ പ്രധാനമന്ത്രിയും ജനതാദൾ (എസ്) ദേശീയ പ്രസിഡന്റുമായ എച്ച്.ഡി.ദേവെ ഗൗഡയുടേതാണ്. ഇന്ദിരാ ഗാന്ധി ഒന്നരപ്പതിറ്റാണ്ടു രാജ്യം ഭരിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നാം മൂന്നണി രൂപീകരണം ഇപ്പോഴും ശൈശവദശയിലാണ്. ബിജെപി വിരുദ്ധ കക്ഷികളെ ഒരു കുടക്കീഴിൽ അണിനിരത്താൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയായ ബംഗാൾ മുഖ്യമന്ത്രി മമത കഠിനമായി പരിശ്രമിക്കുകയാണ്. അസം പൗരത്വ വിവാദത്തെ തുടർന്ന് ഫെഡറൽ മുന്നണി രൂപീകരണം കൂടുതൽ ഗൗരവമായി അവർ ഏറ്റെടുത്തിട്ടുമുണ്ട്. മമതയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയാൽ ഏറെ സന്തോഷം–ഗൗഡ പറഞ്ഞു.

മുന്നണി രൂപീകരണത്തിനെ ബാധിക്കുമെന്നതിനാൽ തിരഞ്ഞെടുപ്പിനു ശേഷം മതി പ്രധാനമന്ത്രി സ്ഥാനാർഥി ചർച്ചയെന്ന് കോൺഗ്രസും മറ്റു കക്ഷികളും തീരുമാനിച്ചിരിക്കുന്നതിനിടെയാണു പരാമർശമെന്നതു ശ്രദ്ധേയം. ഇതേസമയം, ഏതു സഖ്യകക്ഷിയിൽനിന്നും പ്രധാനമന്ത്രി സ്ഥാനാർഥിയെ പരിഗണിക്കുന്നതിന് എതിർപ്പില്ലെന്ന് കോൺഗ്രസ് നേതൃത്വം പരോക്ഷ സൂചന നൽകിയിട്ടുമുണ്ട്.

related stories