Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധ സേനയിൽ 9096 ഓഫിസർമാർ കുറവെന്ന് കേന്ദ്രസർക്കാർ

indian-army-parade

ന്യൂഡൽഹി∙ രാജ്യസുരക്ഷ ഉറപ്പാക്കാൻ പൂർണസജ്ജമെന്നു കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴും പ്രതിരോധ സേനകളിൽ നിലവിൽ ഒൻപതിനായിരത്തിലേറെ ഓഫിസർമാരുടെ കുറവ്. കര, വ്യോമ, നാവിക സേനകളിൽ 9096 ഓഫിസർമാരുടെ കുറവുണ്ടെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. സമീപകാലത്തു പാക്കിസ്ഥാൻ, ചൈന എന്നിവയുടെ ഭീഷണി ഏറ്റവുമധികം രൂക്ഷമായ വേളയിലാണ് ഓഫിസർ റാങ്കിലുള്ള സേനാംഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവു രാജ്യം നേരിടുന്നത്. 

ഏറ്റവുമധികം കുറവുള്ളതു കരസേനയിൽ – 7298. കഴിഞ്ഞ ജനുവരി ഒന്നു വരെയുള്ള കണക്കുപ്രകാരം കരസേനയിൽ അനുവദിച്ചിട്ടുള്ള ഓഫിസർമാരുടെ എണ്ണം 49,933 ആണ്. എന്നാൽ, നിലവിലുള്ളത് 42,635 പേർ മാത്രം. നാവിക സേനയിൽ ഓഫിസർമാരുടെ കുറവ് 1606. അനുവദിച്ചിട്ടുള്ളത് 11,352; നിലവിലുള്ളത് 9746. വ്യോമസേനയിൽ 192 പേർ കുറവാണ്. നിലവിലുള്ള ഓഫിസർമാർ 12,392; അനുവദനീയ എണ്ണം 12,584. 

ഓഫിസർമാരുടെ കുറവു നികത്തുന്നതിനുള്ള ഊർജിത ശ്രമം നടത്തുന്നുണ്ടെന്നു കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ അറിയിച്ചു. യുവാക്കളെ സേനയിലേക്ക് ആകർഷിക്കാൻ സേവന, വേതന, സ്ഥാനക്കയറ്റ വ്യവസ്ഥകൾ പരിഷ്കരിക്കുന്നതു കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

1432 തവണ പാക്ക്  വെടിനിർത്തൽ ലംഘനം

ജമ്മു–കശ്മീരിലെ നിയന്ത്രണരേഖ, രാജ്യാന്തര അതിർത്തി എന്നിവിടങ്ങളിൽ പാക്കിസ്ഥാൻ കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നതെന്നു രാജ്യസഭയിൽ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സമർപ്പിച്ച കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 

ഈ വർഷം ഇതുവരെ 1432 തവണ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച് ആക്രമണം നടത്തി. കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കാണിത്. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തുന്ന ഏറ്റവും രൂക്ഷ ആക്രമണമാണ് ഈ വർഷമുണ്ടായത്. കഴിഞ്ഞ വർഷം വെടിനിർത്തൽ ലംഘിച്ചത് 971 തവണ. 

ഈ വർഷമുണ്ടായ പാക്ക് വെടിവയ്പിൽ 55 ഇന്ത്യക്കാർ കൊല്ലപ്പെട്ടു (കരസേനാംഗങ്ങൾ–15, ബിഎസ്എഫ് ജവാൻമാർ–12, അതിർത്തിയിലെ ഗ്രാമീണർ–28). ഷെല്ലാക്രമണത്തിൽ നിന്നു ഗ്രാമവാസികൾക്കു സുരക്ഷയൊരുക്കാൻ 14,000 ഭൂഗർഭ ബങ്കറുകൾ നിർമിക്കാനുള്ള ഒരുക്കത്തിലാണു സർക്കാർ. 

ഇന്ത്യൻ തിരിച്ചടി

ഈ വർഷം ജൂലൈ 22 വരെയുള്ള കണക്കുപ്രകാരം 110 ഭീകരരെ ഇന്ത്യൻ സേന വധിച്ചു. പാക്കിസ്ഥാനിൽനിന്നു കശ്മീരിലേക്കു നുഴഞ്ഞുകയറിയവരും ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീൻ അംഗങ്ങളുമാണു ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം 213 പേരെ വധിച്ചു.