Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്എസിൽ പുരുഷ മേധാവിത്വം; കോൺഗ്രസിലെ പദവികളിൽ പകുതി സ്ത്രീകൾക്ക്: രാഹുൽ

rahul-women-meet മഹിളാ കോൺഗ്രസ് പതാക പുറത്തിറക്കുന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും സംഘടന പ്രസിഡന്റ് സുഷ്മിത ദേവും

ന്യൂഡൽഹി∙ ആർഎസ്എസ് പുരുഷ മേധാവിത്വ സംഘടനയാണെന്നും കോൺഗ്രസിലെ പദവികളിൽ പകുതി സ്ത്രീകൾക്കായി നീക്കിവയ്ക്കുമെന്നും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലേറിയാൽ ജനപ്രതിനിധി സഭകളിൽ സ്ത്രീകൾക്കു സംവരണം ഉറപ്പാക്കുന്ന ബിൽ പാസാക്കുമെന്നും മഹിളാ കോൺഗ്രസ് സമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കി.

കോൺഗ്രസിൽ സ്ത്രീകൾക്കു പുരുഷൻമാർക്കൊപ്പം തുല്യപദവികൾ ഉറപ്പാക്കുകയാണു ലക്ഷ്യം. കഴിവുള്ള സ്ത്രീകളെ സംഘടനയിലും അധികാര സ്ഥാനങ്ങളിലും മുൻനിരയിലെത്തിക്കും. നേതൃപാടവത്തിൽ തുല്യ കഴിവുള്ള സ്ത്രീയും പുരുഷനുമുണ്ടെങ്കിൽ സ്ത്രീക്കു മുൻഗണന നൽകും. തിരഞ്ഞെടുപ്പുകൾ വിജയിച്ച സ്ത്രീകൾക്കു വീണ്ടും സീറ്റ് നൽകും. സാമ്പത്തികം, കാർഷികം, വിദേശകാര്യം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ അറിവുള്ളവരെ തിരഞ്ഞെടുപ്പു പ്രകടനപത്രികാ രൂപീകരണ സമിതിയിലുൾപ്പെടുത്തും.

ബിജെപിയുടെ മേൽസംഘടനയായ ആർഎസ്എസ് സ്ത്രീകൾക്കു മുന്നിൽ വാതിൽ കൊട്ടിയടച്ചു. സംഘടനയിൽ ഒരു സ്ത്രീക്കുപോലും ഇതുവരെ പ്രവേശനം നൽകിയിട്ടില്ല. സ്ത്രീ സുരക്ഷയ്ക്കായി വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തു സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുമ്പോൾ മൗനംപാലിക്കുന്നു. യുപിയിൽ ബിജെപി എംഎൽഎ മാനഭംഗക്കേസിൽ പ്രതിയാണ്. െപൺകുട്ടിയെ പഠിപ്പിക്കൂ, പെൺകുട്ടിയെ രക്ഷിക്കൂ എന്നു മോദി പറയുന്നു. ബിജെപി എംഎൽഎയിൽ നിന്നു പെൺകുട്ടിയെ രക്ഷിക്കൂ എന്ന് അദ്ദേഹം തിരുത്തിപ്പറയണമെന്നും രാഹുൽ പരിഹസിച്ചു.

മഹിളാ കോൺഗ്രസിന്റെ ലോഗോ രാഹുൽ പ്രകാശനം ചെയ്തു. അടുത്ത വർഷം മോദി മുക്ത പാർലമെന്റ് യാഥാർഥ്യമാക്കുമെന്നു കേരളത്തെ പ്രതിനിധീകരിച്ചു പ്രസംഗിച്ച സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു. മുൻമന്ത്രി പി.കെ.ജയലക്ഷ്മി ഉൾപ്പെടെ കേരളത്തിൽ നിന്നു 125 പ്രതിനിധികൾ പങ്കെടുത്തു.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ : സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി 2019ൽ ബിജെപിയെ നേരിടും. ബിജെപിയെ തൂത്തെറിയണമെന്ന ജനങ്ങളുടെ ആഗ്രഹം ഞങ്ങൾ യാഥാർഥ്യമാക്കും.  

related stories