Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ യാത്രയ്ക്കിടെ മലയാളിയെ ബോധരഹിതനാക്കി കവർച്ച

theft

വസായ് (മുംബൈ) ∙ കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ മലയാളിയായ മുതിർന്ന പൗരനെ ബോധരഹിതനാക്കി ആഭരണങ്ങളും പണവും കവർന്നു. കഴിഞ്ഞ വെള്ളിയാഴ്ച പോർബന്ദർ-കൊച്ചുവേളി ട്രെയിനിലെ ജനറൽ കോച്ചിൽ വസായിയിൽ നിന്നു യാത്രതിരിച്ച നാലസൊപാര സെൻട്രൽ പാർക്ക്‌, റീന ഹൗസിങ് കോളനിയിലെ എ-103 ൽ താമസിക്കുന്ന പത്തനംതിട്ട പരുമാല കരുണാകരൻ നായരുടെ (64) നാല് പവൻ ആഭരണങ്ങളും 25,000 രൂപയുമാണ് നഷ്ടപ്പെട്ടത്.

കൺഫേം ടിക്കറ്റ് ലഭിക്കാതിരുന്നതിനാലും അത്യാവശ്യമായി നാട്ടിൽ എത്താനുള്ളതിനാലുമാണ് ജനറൽ കോച്ചിൽ കയറിയതെന്നു കരുണാകരൻ നായർ പറഞ്ഞു. കായംകുളം റെയിൽവേ പൊലീസിൽ പരാതി നൽകാൻ ചെന്നപ്പോൾ ആലപ്പുഴയിൽ പരാതി നൽകാൻ പറഞ്ഞ് പൊലീസ് മടക്കിയതായും അദ്ദേഹം അറിയിച്ചു.

കോച്ചിൽ യാത്രക്കാർ കുറവായിരുന്നെന്നും  ഹൈദരാബാദ് വാസി എന്ന് പരിചയപ്പെടുത്തിയ ഒരുയാത്രക്കാരൻ  രത്നഗിരി സ്റ്റേഷൻ എത്തുന്നതുവരെ സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. രത്നഗിരിയിൽ ട്രെയിൻ നിർത്തിയപ്പോൾ ഇരുവരും പ്ലാറ്റ്ഫോമിലെ വിൽപനക്കാരന്റെ പക്കൽ നിന്നും ഓരോ ചായ വാങ്ങി കുടിച്ചു. പിന്നെ ഉറങ്ങിപ്പോയി. ഉണർന്നത് ട്രെയിൻ കായംകുളത്ത് എത്താറായപ്പോളാണ്. മോതിരവും ബാഗിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും കാണാനില്ലെന്നു തിരിച്ചറിഞ്ഞത് അപ്പോഴാണെന്നും കരുണാകരൻ നായർ പറഞ്ഞു.

ലഹരി മരുന്ന് സ്പ്രേ ചെയ്താണ് മോഷണം നടത്തിയതെന്നാണു സൂചന. ശരീരത്തിൽ പരുക്കുകളുണ്ട്. എന്നിട്ടും കായംകുളം റെയിൽവേ പൊലീസ് പരാതി സ്വീകരിക്കാത്തതിനാൽ നാലസൊപാരയിലെ  മലയാളികൾ മേലധികാരികൾക്കു പരാതി നൽകാൻ ഒരുങ്ങുകയാണ്. 

related stories