Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: മോദിക്കു നേരെ ‘മിസൈൽ’ തൊടുത്ത് യശ്വന്ത് സിൻഹ, ഷൂറി, പ്രശാന്ത് ഭൂഷൺ

Narendra Modi

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നടത്തിയ റഫാൽ വിമാന ഇടപാട് പ്രതിരോധ രംഗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നാരോപിച്ചു വാജ്പേയി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന യശ്വന്ത് സിൻഹ, അരുൺ ഷൂറി എന്നിവരും പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രംഗത്ത്. ആയിരം കോടിയിലേറെ രൂപ അധിക വിലയ്ക്കു 36 വിമാനങ്ങൾ വാങ്ങിയതിൽ 35,000 കോടിയുടെ അഴിമതിയുണ്ടെന്നും ഇക്കാര്യം സിഎജി അന്വേഷിക്കണമെ‌ന്നും അവർ ആവശ്യപ്പെട്ടു. സംയുക്ത സഭാ സമിതി (ജെപിസി) അന്വേഷിക്കണമെന്നാണു കോൺഗ്രസും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്.

ബൊഫോഴ്സ് ഇടപാട്, റഫാലിനു മുന്നിൽ ചെറിയ അഴിമതിയായിരുന്നെന്നു ഷൂറി അഭിപ്രായപ്പെട്ടപ്പോൾ, അഴിമതിക്കു പിന്നി‌ൽ പ്രധാനമന്ത്രി മാത്രമെന്ന ആക്ഷേപമാണു യശ്വന്ത് സിൻഹ ഉന്നയിച്ചത്. ബൊഫോഴ്സ് ഇടപാടു ചർച്ചാവിഷയമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച പത്രാധിപരാണു ഷൂറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപിത എതിരാളികളാണു യശ്വന്ത് സിൻഹയും പ്രശാന്ത് ഭൂഷണും. അവർ പറയുന്നത്:

∙ 2015 ഏപ്രിലിൽ പ്രധാനമന്ത്രി ഫ്രാൻസ് സന്ദർശിക്കുന്നതിനു മുൻപു റഫാൽ നിർമാതാക്കളായ ഡാസോൾ പറഞ്ഞതു കരാറിന്റെ വിശദാംശങ്ങൾ പൂർത്തിയായെന്നാണ്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനു സാങ്കേതികവിദ്യ കൈമാറുമെന്നും.

∙ പ്രധാനമന്ത്രി ഫ്രാൻസിലെത്തിയതോടെ കരാറിന്റെ രൂപം മാറി, 36 വിമാനങ്ങൾ നേരിട്ടു വാങ്ങുമെന്നായി. സാങ്കേതികവിദ്യാ കൈ‌മാറ്റത്തെയും എച്ച്എഎല്ലിനെയും കുറിച്ചു പരാമർശമില്ല.

∙ 700 കോടി രൂപയ്ക്കു കിട്ടേണ്ടിയിരുന്ന വിമാനം വാങ്ങിയത് 1700 കോടി രൂപയ്ക്ക്. വിമാനങ്ങളിലെ ആയുധങ്ങൾക്കും സാ‌ങ്കേതികവിദ്യയ്ക്കും മാറ്റമില്ലാതെയാണിത്.

∙ സർക്കാരും സർക്കാരും തമ്മിൽ നടന്ന ഇടപാടിൽ റിലയൻസാണ് ഇടനിലക്കാരൻ.

∙ക്രിമിനൽ ശിക്ഷാനിയമത്തിലെ പുതുക്കിയ വകുപ്പനുസരിച്ച്, സ്വകാര്യവ്യക്തിക്കു ലാഭമുണ്ടാക്കാൻ സഹായിച്ച പൊതുസേവകൻ ശിക്ഷിക്കപ്പെടണം.

related stories