Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതിവ്രത്യഭംഗം: വാദം പൂർത്തിയായി; വിധി പിന്നീട്

PTI1_12_2018_000153A

ന്യൂഡൽഹി∙ പാതിവ്രത്യഭംഗം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497–ാം വകുപ്പിന്റെ ഭരണഘടനാപരമായ സാധുത സംബന്ധിച്ച ഹർജിയിൽ വാദം പൂർത്തിയായി. വിധി പിന്നീടു പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ച് ആണു വാദം കേട്ടത്. ഇറ്റലിയിൽ താമസിക്കുന്ന ഹർജിക്കാരൻ ജോസഫ് ഷൈനു വേണ്ടി അഡ്വ.കാളീശ്വരം രാജാണു ഹാജരായത്. കേന്ദ്ര സർക്കാരിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദിന്റെ വാദമാണ് ഇന്നലെ നടന്നത്.

മറ്റൊരാളുടെ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു കുറ്റമാണെന്നാണ് ഇപ്പോഴത്തെ നിയമം. എന്നാൽ ഭർത്താവിന്റെ അനുമതിയുണ്ടെങ്കിൽ ഇതു കുറ്റമല്ല. ദാമ്പത്യജീവിതത്തിന്റെ പവിത്രത നിലനിർത്തുന്നതിനാണു 497–ാം വകുപ്പെന്നു പിങ്കി ആനന്ദ് വ്യക്തമാക്കി. അതു നിലനിർത്തേണ്ടതു ഭാര്യയുടെ മാത്രം ബാധ്യതയാകുന്നതെങ്ങനെയെന്നു കോടതി ആരാഞ്ഞു. ക്രിമിനൽ നിയമം സ്ത്രീ–പുരുഷ തുല്യതയിൽ അധിഷ്ഠിതമാണെന്നും അത് ഈ വകുപ്പിൽ ഇല്ലെന്നും കോടതി നേരത്തേ പരാമർശിച്ചിരുന്നു. സ്ത്രീയെ സ്വകാര്യസ്വത്തായി കാണുന്നതിനു തുല്യമാണ് ഈ വകുപ്പ്. ഭർത്താവിന്റെ സമ്മതമുണ്ടെങ്കിൽ അതു കുറ്റമാകില്ലെന്നത് അസംബന്ധമാണ്. ബഹുഭാര്യത്വം, ബഹുഭർത്തൃത്വം എന്നിവയുമായി ബന്ധപ്പെട്ട 494–ാം വകുപ്പിൽ ഭർത്താവും ഭാര്യയും ഒരുപോലെ കുറ്റക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

related stories