Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിലെ രണ്ട് ബാലികാസദനങ്ങളിൽ 26 പെൺകുട്ടികളെ കാണാതായി

girl

ലക്‌നൗ ∙ ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡിൽ രണ്ട് ബാലികാസദനങ്ങളിൽനിന്നായി 26 പെൺകുട്ടികളെ കാണാനില്ലെന്ന് ജില്ലാ ഭരണകൂടം നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. ബിജെപി മഹിളാ മോർച്ച മുൻ പ്രസിഡന്റ് രമാ മിശ്ര നടത്തുന്ന അഷ്ടഭുജ നഗർ ജാഗ്രതി ഷെൽട്ടർ ഹോമിൽ റജിസ്റ്റർ പ്രകാരം 15 പേരുണ്ടെങ്കിലും ഒരാൾ മാത്രമാണു ഹാജരുണ്ടായിരുന്നത്. മറ്റുള്ളവർ ജോലിക്കു പുറത്തുപോയിരിക്കുന്നുവെന്നാണ് അഭയകേന്ദ്രം മാനേജരുടെ മൊഴി.

അചൽപുരിലെ അഭയകേന്ദ്രം റജിസ്റ്ററിലും 15 പേരുണ്ടെങ്കിലും മൂന്നു പേരെ മാത്രമാണു കണ്ടെത്തിയത്. ബിഹാറിലെ മുസഫർനഗറിലെയും യുപിയിലെ ദേവരിയയിലെയും അഭയകേന്ദ്രങ്ങളിലെ പീഡനങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണു ബാലികാസദനങ്ങളിൽ മിന്നൽപരിശോധന നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണു ദേവരിയ ബാലികാസദനത്തിൽനിന്നു രക്ഷപ്പെട്ട പെൺകുട്ടി പീഡനം പൊലീസിനെ അറിയിച്ചത്. രാത്രിയോടെ പൊലീസ് പരിശോധന നടത്തിയപ്പോൾ 18 പെൺകുട്ടികൾ അവിടെയുണ്ടായിരുന്നില്ല. റജിസ്റ്ററിലുള്ള 41 പേരിൽ ഏഴു പേരൊഴികെ എല്ലാവരെയും പിന്നീടു കണ്ടെത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 10 വയസ്സിൽ താഴെയുള്ള ഏഴുപേരെയാണു ഇനി കണ്ടെത്താനുള്ളത്.

2017 ജൂലൈയിൽ ഷെൽട്ടർ ഹോം ലൈസൻസ് റദ്ദായിരുന്നുവെങ്കിലും അധികൃതർ ഇവിടേക്കു കുട്ടികളെ അയയ്ക്കുന്നതു തുടർന്നിരുന്നു. ദേവരിയ അഭയകേന്ദ്രം നടത്തുന്ന സന്നദ്ധ സംഘടന ഗോരഖ്പുരിൽ മുതിർന്ന പൗരൻമാർക്കുള്ള ശരണാലയം നടത്തുന്ന വിവരം പുറത്തുവന്നിട്ടുണ്ട്.