Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡിഎയുടെ ഹരിവംശ് രാജ്യസഭാ ഉപാധ്യക്ഷൻ; ബിജെഡി വോട്ട് എൻഡിഎയ്ക്ക്

hari-vansh-rajya-sabha1 രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഹരിവംശ് (ഇടത്ത്) വിജയചിഹ്നം കാട്ടുന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് സമീപം. ചിത്രം: മനോരമ

ന്യൂഡൽഹി∙ ഭരണപക്ഷത്തിനു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) സ്ഥാനാർഥി ഹരിവംശ് ഉപാധ്യക്ഷൻ. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി കോൺഗ്രസിലെ ബി.കെ. ഹരിപ്രസാദിനെയാണ് ജെഡിയു അംഗമായ ഹരിവംശ് പരാജയപ്പെടുത്തിയത് (125–101). ബിജു ജനതാദൾ പിന്തുണ പ്രഖ്യാപിച്ചതോടെ ഹരിവംശിന്റെ ജയം ഉറപ്പായിരുന്നു.

പ്രതിപക്ഷത്തിനൊപ്പമെന്നു കഴിഞ്ഞദിവസം വരെ പറഞ്ഞിരുന്ന വൈഎസ്ആർ കോൺഗ്രസ് വോട്ടെടുപ്പിൽ പങ്കെടുത്തെങ്കിലും ആരെയും അനുകൂലിച്ചില്ല. ബിജെഡിക്കു പുറമെ, ടിആർഎസും ഐഎൻഎൽഡിയും എൻഡിഎയ്ക്ക് വോട്ട് നൽകി. 1992 നുശേഷം ആദ്യമായാണ് രാജ്യസഭയിൽ ഉപാധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു നടന്നത്.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ സഭാനേതാവ് അരുൺ ജയ്റ്റ്ലി ഉൾപ്പെടെയുള്ളവരെയും ഘടകകക്ഷികളുടെയും പിന്തുണ പ്രഖ്യാപിച്ചവരുടെയും എല്ലാ അംഗങ്ങളെയും വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാൻ എൻഡിഎയ്ക്കു സാധിച്ചു. വോട്ടെടുപ്പിൽ പങ്കെടുക്കാത്ത 16 പേരെക്കൂടി ചേർത്താലും എൻഡിഎയെ മറികടക്കാൻ പ്രതിപക്ഷത്തിനു കഴിയുമായിരുന്നില്ല. എൻപിഎഫിന്റെ അംഗം വോട്ട് ചെയ്യാത്ത സ്ഥിതിയിൽ എൻഡിഎ സ്ഥാനാർഥിക്കു ലഭിക്കേണ്ടത് 124 വോട്ടാണ്. എന്നാൽ, അധികമായി ഒരു വോട്ട് പ്രതിപക്ഷത്തുനിന്നു ലഭിച്ചെന്നു കരുതണം. ആരുടേതെന്നു വ്യക്തമല്ല.

വോട്ട് കണക്ക് ആദ്യം തെറ്റി

അധ്യക്ഷൻ പ്രഖ്യാപിച്ച ഫലം, വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നവരുടെ എണ്ണം, സഭയുടെ മൊത്തം അംഗബലം എന്നിവ തമ്മിൽ പൊരുത്തപ്പെടാത്തത് ആദ്യം ആശയക്കുഴപ്പത്തിന് ഇടനൽകി. സഭയിലെ നിലവിലെ അംഗബലം – 244 അധ്യക്ഷൻ പ്രഖ്യാപിച്ച ഫലം: ഹരിവംശ് – 125, ഹരിപ്രസാദ് – 105. രണ്ടു പേർക്കുമായല്ലാതെ വോട്ട് രേഖപ്പെടുത്തിയവർ – 2. ഇതാണ് സഭയിൽ വ്യക്തമാക്കപ്പെട്ട ഫലം.

എന്നാൽ, കോൺഗ്രസിലെ നാലു പേർ രണ്ടുരീതിയിൽ വോട്ടു ചെയ്തതായി രാത്രി കണ്ടെത്തി – ഇലക്ട്രോണിക് സംവിധാനത്തിലൂടെയും സ്ലിപ് എഴുതി നൽകിയും. ഇതു രണ്ടും എണ്ണിയപ്പോഴാണ് എണ്ണം തെറ്റിയത്. അങ്ങനെ, ഫലം 125 –101 എന്നായി.

∙ സഭയിൽ എത്താതിരുന്നവർ: ആകെ – 16. കോൺഗ്രസ് – 3 ആം ആദ്മി പാർട്ടി – 3 സമാജ്‌വാദി പാർട്ടി – 3 ഡിഎംകെ – 2 പിഡിപി – 2 തൃണമൂൽ‍ കോഗ്രസ് – 2 എൻപിഎഫ് – 1.

related stories