Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികൾക്കു പ്രോക്സി വോട്ട്: ഭേദഗതി ലോക്സഭ പാസാക്കി

ന്യൂഡൽഹി∙ പ്രവാസികൾക്ക് പകരക്കാരെ (പ്രോക്സി) ഉപയോഗിച്ച് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാൻ അനുമതി നൽകുന്ന നിയമഭേദഗതി ലോക്സഭ പാസാക്കി. രാജ്യസഭ കൂടി പാസാക്കിയാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനയയ്ക്കും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ പ്രവാസികൾക്ക് പ്രോക്സി വോട്ടു ചെയ്യാൻ അവസരം ലഭിക്കുമെന്ന് ഇതോടെ പ്രതീക്ഷയായി.

പ്രവാസികൾക്ക് ഇപ്പോൾ ഇ വോട്ടിങ് സൗകര്യം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിൽ നിയമ മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഇത് പൂർണമായി സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താറായിട്ടില്ല. അതിന് സാങ്കേതിക വിദ്യ ഇനിയും വികസിപ്പിക്കണം. മാത്രമല്ല, രഹസ്യസ്വഭാവം ഉറപ്പു വരുത്താനുമാവില്ലെന്നു മന്ത്രി പറഞ്ഞു. പ്രവാസികൾക്ക് പ്രോക്സി വോട്ട് സൗകര്യം നൽകാനായി 1950 ലെയും 1951ലെയും ജനപ്രാതിനിധ്യ നിയമങ്ങളിലെ 20, 60 വകുപ്പുകളുടെ ഭേദഗതികൾക്കാണ് ലോക്സഭ അനുമതി നൽകിയത്.

നിലവിൽ സൈനിക, അർധ സൈനിക വിഭാഗങ്ങൾക്ക് പ്രോക്സി വോട്ടിങ് അനുവദിച്ചിട്ടുണ്ട്. അതിലും ഭേദഗതി സഭ അംഗീകരിച്ചു. ഇതുവരെ സൈനികന്റെ ഭാര്യക്ക് (ഷീ) പ്രോക്സി വോട്ടു ചെയ്യാമെന്നായിരുന്നു നിയമത്തിൽ. അതു മാറ്റി പങ്കാളി എന്നാക്കുന്ന ഭേദഗതിയാണ് അംഗീകരിച്ചത്.

പ്രവാസികൾക്കു വിദേശത്തുവച്ചു തന്നെ വോട്ടു ചെയ്യാൻ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് ദുബായിലെ പ്രമുഖ സംരംഭകൻ കൂടിയായ ഡോ. വി.പി. ഷംഷീർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടു വ്യക്തമാക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. പാർലമെന്റിന്റെ 2017 ലെ  ശീതകാലസമ്മേളനത്തിൽ ഈ ബിൽ കൊണ്ടുവരുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ ഉറപ്പു നൽകിയതുമാണ്.

പ്രവാസികളുടെ വോട്ട് വിലയ്ക്കു വാങ്ങാൻ ശ്രമം നടക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യത്തെ ജനങ്ങളിൽ നമ്മുടെ ഭരണഘടന പൂർണവിശ്വാസം അർപ്പിക്കുമ്പോൾ പ്രവാസികളായ ഇന്ത്യക്കാരെ  മാത്രം സംശയിക്കുന്നതു ശരിയല്ലെന്നു  മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഒാരോ നിയമസഭാ നിയോജകമണ്ഡലത്തിലും കുറഞ്ഞത് 15000 പ്രവാസി വോട്ടർമാരെങ്കിലും ഉണ്ടാവും എന്നാണ് സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് നടത്തിയ പഠനം പറയുന്നത്. പ്രവാസി മലയാളികളുടെ എണ്ണം 30 ലക്ഷം വരും എന്നാണ് കണക്കാക്കുന്നത്.

പ്രവാസിക്ക് വോട്ട് രേഖപ്പെടുത്താൻ സ്വന്തം മണ്ഡലത്തിലെ ഒരാളെ പകരക്കാരനായി ( േപ്രാക്സി) ചുമതലപ്പെടുത്താവുന്ന സംവിധാനമാണു പരിഗണനയിൽ. പ്രവാസി വോട്ടറുടെ പകരക്കാരനെ സംബന്ധിച്ച അപേക്ഷ ഒന്നാം ക്ളാസ്സ് മജിസ്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണം. അപേക്ഷ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു കഴിഞ്ഞാൽ വോട്ടു ചെയ്യാം.

പ്രോക്സി വോട്ട് ഇങ്ങനെ  

ന്യൂഡൽഹി∙ പ്രവാസിക്ക് വോട്ടു രേഖപ്പെടുത്താൻ സ്വന്തം മണ്ഡലത്തിലെ ഒരാളെ പകരക്കാരനായി (പ്രോക്സി) ചുമതലപ്പെടുത്താം. ഈ വ്യക്തിയെ മാറ്റാനും വോട്ടർക്ക് അവകാശമുണ്ടാവും. പ്രവാസി വോട്ടറുടെ പകരക്കാരനെ സംബന്ധിച്ച അപേക്ഷ ഒന്നാം ക്ലാസ് മജിസ്ട്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണം. അപേക്ഷ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു കഴിഞ്ഞാൽ പകരക്കാരനു തിരിച്ചറിയൽ രേഖയുമായി വന്ന് വോട്ടു ചെയ്യാം കേരളത്തിൽ ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലും കുറഞ്ഞത് 15,000 പ്രവാസി വോട്ടർമാരെങ്കിലും ഉണ്ടാവും എന്നാണ് സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനം പറയുന്നത്. പ്രവാസി മലയാളികളുടെ എണ്ണം 30 ലക്ഷം വരും എന്നാണ് കണക്കാക്കുന്നത്.