Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തുകൂട്ടി, കടമ്പ കടന്നു ബിജെപി, തന്ത്രങ്ങളും തയാറെടുപ്പുമില്ലാതെ കോൺഗ്രസ്

Rajya Sabha

ന്യൂഡൽഹി∙ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനശേഷമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യസഭയിലെത്തിയത്. ഉടനെ, ബിജെപി അധ്യക്ഷൻ അമിത് ഷാ ഒരു കുറിപ്പ് അദ്ദേഹത്തിനു കൈമാറി. തിരഞ്ഞെടുപ്പിലെ വോട്ട് നില. അപ്രതീക്ഷിതമായതൊന്നും പ്രധാനമന്ത്രി അതിൽ വായിച്ചില്ല.

പ്രതിപക്ഷ െബഞ്ചുകളിലും അപ്രതീക്ഷിതമായെന്തെങ്കിലും സംഭവിച്ചെന്ന ഭാവം ആർക്കുമില്ലായിരുന്നു; ഹരിപ്രസാദിനുൾപ്പെടെ. തോറ്റു എന്നതിനപ്പുറം, പോരാടിത്തോറ്റു എന്നൊന്നും അവർ കരുതിയില്ല. ഹരിപ്രസാദിന്റെ പാർട്ടിയായ കോൺഗ്രസ് അതിനൊന്നും മെനക്കെട്ടില്ല എന്നതാണു വാസ്തവം. ബിജു ജനതാദൾ, എൻഡിഎ പക്ഷത്തേക്കു ചാഞ്ഞെന്നു വ്യക്തമായതോടെ ഫലം തീരുമാനിക്കപ്പെട്ടു എന്നതാണു കോൺഗ്രസ് പറയുന്ന ന്യായം.

സംയുക്ത(മല്ലാത്ത) പ്രതിപക്ഷം

കഴിഞ്ഞ മാസം ഒന്നിനാണു രാജ്യസഭാ ഉപാധ്യക്ഷപദവി ഒഴിവുവന്നത്. പാർലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങിയതു 18ന്. രണ്ടാഴ്ച കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പു നടത്താത്തതിനെ പ്രതിപക്ഷം ചോദ്യംചെയ്തില്ല. കഴിഞ്ഞ ആറിനു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. അപ്പോഴേക്കും ബിജെപി ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.

പ്രതിപക്ഷ പാർട്ടികൾ സമ്മേളനത്തിനു മുൻപു യോഗം ചേർന്നപ്പോൾ ഉപാധ്യക്ഷ വിഷയം ചർച്ചചെയ്തു. വലിയ പാർട്ടികളായ കോൺഗ്രസും തൃണമൂലും സമാജ്‍വാദി പാർട്ടിയും കൂടിയാലോചിക്കുകയെന്ന് അപ്പോൾ ഉപദേശിച്ചത് എൻസിപി അധ്യക്ഷൻ ശരദ് പവാറാണ്. ആലോചനയുണ്ടായില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടപ്പോൾ സ്ഥാനാർഥിയായി പ്രതിപക്ഷത്തുനിന്ന് ആദ്യം വന്ന പേര് എൻസിപിയുടെ വന്ദന ചവാന്റേതാണ്.

എന്നാൽ, രാജ്യസഭയിൽ നാല് അംഗങ്ങൾ മാത്രമുള്ള എൻസിപിയുടെ സ്ഥാനാർഥി എന്നതിനോടു ചില പാർട്ടികൾ പരസ്യമായല്ലാതെ വിയോജിച്ചു. അതു മനസ്സിലാക്കിയ എൻസിപി, തങ്ങളുടെ സ്ഥാനാർഥിയില്ലെന്നു വ്യക്തമാക്കി. പവാർ, ബിജെഡി അധ്യക്ഷൻ  നവീൻ പട്നായിക്കിനോടു സംസാരിച്ചെന്നും അദ്ദേഹത്തിന്റെ പാർട്ടി എൻഡിഎയ്ക്കു വോട്ടു ചെയ്യുമെന്നു മറുപടി ലഭിച്ചെന്നും എൻസിപി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നവീൻ മുംബൈയിലായിരുന്നു. മൽസരത്തിനില്ലെന്നു ഡിഎംകെയും വ്യക്തമാക്കിയപ്പോഴാണ്, ‘തത്വാധിഷ്ഠിത’ നിലപാടുമായി കോൺഗ്രസ് ഹരിപ്രസാദിനെ പ്രഖ്യാപിച്ചത്.

പ്രതിപക്ഷ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ എന്തെങ്കിലും പ്രവർത്തനമുണ്ടായോയെന്ന ചോദ്യത്തിനു കോൺഗ്രസിനു വ്യക്തമായ മറുപടിയില്ല. വോട്ടു കഴിഞ്ഞാൽ നന്ദിപോലും പറയുന്ന രീതി കോൺഗ്രസിനില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചാലല്ലാതെ വോട്ട് നൽകില്ലെന്നും ആം ആദ്മി പാർട്ടി പറഞ്ഞു. മറ്റു പല പാർട്ടികളും കോൺഗ്രസിന്റെ സമീപനത്തെ വിമർശിച്ചു. മറുവശത്ത്, ബിജെപിക്കൊപ്പം തന്റെ പാർട്ടിക്കാരനായ ഹരിവംശിനുവേണ്ടി വോട്ടുപിടിക്കാൻ നിതീഷ് കുമാറും രംഗത്തിറങ്ങി.

നിതീഷ് നയിക്കുന്ന ബിഹാർ മന്ത്രിസഭയിൽ ബിജെപിക്കു പ്രാതിനിധ്യമുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ ഇനിയും ജെഡിയുവിനു സാന്നിധ്യമില്ല. ജെഡിയുവിനെപ്പോലെ, അണ്ണാ ഡിഎംകെയും പാർലമെന്റിലെ ഉപാധ്യക്ഷ പദവിയിലൂടെ സർക്കാരിനോടു ചേർന്നുനിൽക്കുന്നു. അണ്ണാ ഡിഎംകെയുടെ എം.തമ്പിദുരൈയാണു ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ.  

ഉപാധ്യക്ഷപദമല്ല വിഷയം

രാജ്യസഭാ ഉപാധ്യക്ഷ പദവികൂടി നഷ്ടമായതോടെ, കോൺഗ്രസിനു കേന്ദ്രത്തിൽ ഭരണഘടനാപരമായ പദവികളൊന്നുമില്ലെന്ന സ്ഥിതിയായി. അതിനപ്പുറം, പ്രതിപക്ഷത്തു പലരുമുന്നയിക്കുന്ന ചോദ്യമിതാണ്: ഇന്നലത്തെപ്പോലെയാണോ പൊതുതിരഞ്ഞെടുപ്പിനെ നേരിടുക? ബിജെഡി വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നാൽ നല്ലത് എന്നു കോൺഗ്രസ് ആഗ്രഹിച്ചതല്ലാതെ, അതു സാധ്യമാക്കാൻ കാര്യമായ ശ്രമം നടത്തിയതിനു തെളിവില്ല. വോട്ടെടുപ്പിന് എത്താതിരുന്ന 16 പേരിൽ പതിമൂന്നും പ്രതിപക്ഷത്തുനിന്നാണ്. മറ്റു രണ്ടുപേർ അടുത്തകാലത്തു ജമ്മു–കശ്മീരിൽ ബിജെപിയോടു പിണങ്ങിപ്പിരിഞ്ഞ പിഡിപിയുടേതാണ്.

പ്രതിപക്ഷം ഒരുമിച്ചുനിന്നു പാർലമെന്റിൽ നേരിട്ട ആദ്യ ബലപരീക്ഷമായിരുന്നു ഇന്നലത്തേത്. അതിൽ, സഭയിൽ ഭൂരിപക്ഷമില്ലാത്ത ഭരണപക്ഷത്തിനു ജയം. പ്രതിപക്ഷ സ്ഥാനാർഥിക്കൊപ്പമെന്നു കഴിഞ്ഞ ദിവസം വരെ പറഞ്ഞ വൈഎസ്ആർ കോൺഗ്രസ് ആർക്കും വോട്ട് ചെയ്യാതിരിക്കാനും ബിജെപിയെ വിമർശിക്കുന്ന ഐഎൻഎൽഡിയുടെ ഏക അംഗം ഹരിവംശിനു വോട്ട് ചെയ്യാനും തീരുമാനിച്ചപ്പോൾ വർധിച്ചത് അമിത് ഷായുടെ ആത്മവിശ്വാസമാണ്.

ജയ്റ്റ്ലി വന്നു, വോട്ടു ചെയ്തു

രണ്ടു മാസം മുൻപ് വൃക്ക മാറ്റ ശസ്ത്രക്രിയയ്ക്കു വിധേനയായ ധനമന്ത്രി അരുൺ ജയ്റ്റ്ലി രാജ്യസഭയിൽ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി. സഭ ഒന്നടങ്കം കയ്യടിച്ച് ജയ്റ്റ്ലിയെ സ്വാഗതം ചെയ്തു. സഭാധ്യക്ഷനായ ജയ്റ്റ്ലി, തിരഞ്ഞെടുപ്പിൽ വിജയിച്ച ഹരിവംശിനെ അനുമോദിച്ച് പ്രസംഗിച്ചശേഷം സഭയിൽനിന്നു പോയി. അണുബാധ ഒഴിവാക്കാനെന്നോണം, ആരും ജയ്റ്റ്ലിയുടെ അടുത്തേക്കു പോകരുതെന്ന് നിർദ്ദേശിച്ചിരുന്നു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.