Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: സോണിയയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സമരം രണ്ടാം ഘട്ടത്തിലേക്ക്

sonia-gandhi റഫാൽ വിമാന ഇടപാടിൽ സംയുക്ത പാർലമെന്ററി സമിതി(ജെപിസി)യുടെ അന്വേഷണമാവശ്യപ്പെട്ടു യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പാർലമെന്റിനു മുന്നിൽ ധർണ നടത്തിയപ്പോൾ. എംപിമാരായ എ.കെ.ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവർ സമീപം. ചിത്രം: മനോരമ

ന്യൂഡൽഹി ∙ റഫാൽ വിമാന ഇടപാടിൽ പ്രതിപക്ഷ സമരം രണ്ടാം ഘട്ടത്തിലേക്ക്. സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണമാവശ്യപ്പെട്ടു മഴക്കാല സമ്മേളനത്തിന്റെ അവസാന ദിവസം, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പാർലമെന്റിനു മുന്നിൽ ധർണ നടത്തി. കഴിഞ്ഞ ദിവസം പ്രതിപക്ഷം ലോക്സഭ ബഹിഷ്കരിച്ചിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണിതെന്നു പ്ലക്കാർഡുകളുമായെത്തിയ പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. ബിജെപിയിലെ വിമത നേതാക്കളും നരേന്ദ്ര മോദിയുടെ വിമർശകരുമായ അരുൺ ഷൂറി, യശ്വന്ത് സിൻഹ എന്നിവരും കഴിഞ്ഞദിവസം റഫാൽ ഇടപാടിനെതിരെ രംഗത്തെത്തിയിരുന്നു.സിഎജി അന്വേഷണം വേണമെന്നാണ് അവരുടെ നിലപാട്.

ലോക്സഭാ കാലാവധി അവ‌സാനിക്കാറായിരിക്കേ ജെപിസി അന്വേഷണം ‌അപ്രായോഗികമാണെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ, റഫാൽ വിമാനത്തിന്റെ കടലാസ്‌ രൂപവുമായാണു കോൺഗ്രസ് അംഗം സുനിൽ ജക്കർ ശൂന്യവേളയിൽ ലോക്സഭയിലെത്തിയത്. യുദ്ധവിമാനമുണ്ടാക്കി മുൻപരിചയമില്ലാത്ത റിലയൻസിനു നൽകുന്നതിനെക്കാൾ തനിക്കു കരാർ നൽകുന്നതാണു മെച്ചം. കഴിഞ്ഞ ദിവസം മുതൽ പണിപ്പെട്ടു റഫാലിന്റെ കടലാസു രൂപമുണ്ടാക്കുന്നതിൽ വിജയിച്ച സാഹചര്യത്തിൽ കരാർ ലഭിക്കാൻ തനിക്കു കൂടുതൽ അർഹതയുണ്ട് – ജക്കർ പറഞ്ഞു. പാർലമെന്റ് സമ്മേളനം അവസാനിച്ചതോടെ വിഷയം ജനമധ്യത്തിലെ‌ത്തിക്കാനാണു പ്രതിപക്ഷ ശ്രമം. ഒരു കാലത്തു ബിജെപിയുടെ മുഖ്യ പ്രചാരണായുധമായിരുന്ന ബൊഫോഴ്സിനു ചരിത്രം നൽകുന്ന മറുപടിയായാണു കോൺ‌ഗ്രസും സോണിയയും റഫാലിനെ കാണുന്നത്; പ്രതിപക്ഷത്തെ കോർത്തിണക്കാനുള്ള ചരടായും.