Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി വോട്ട്; ബിൽ വരുക ഇനി അടുത്ത സമ്മേളനത്തിൽ; ഓർഡിനൻസിനും സാധ്യത

pravasi-vote

ന്യൂഡൽഹി ∙ പ്രവാസികൾക്കു പ്രോക്സി വോട്ട് അനുവദിക്കാനുള്ള ബിൽ വെള്ളിയാഴ്ച രാജ്യസഭയിൽ കൊണ്ടുവന്നില്ല. ഇനി പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിലേ ഈ ബിൽ രാജ്യസഭയ്ക്ക് പാസ്സാക്കാനാകൂ. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർലമെന്റ് വീണ്ടും കൂടുന്നില്ലെങ്കിൽ സർക്കാർ ഇത് ഓർഡിനൻസായി പുറപ്പെടുവിക്കുന്നത് പരിഗണിച്ചേക്കും. പ്രവാസി വോട്ടിങ് മാത്രമല്ല സർക്കാരിനു മുന്നിലുള്ള പ്രശ്നം. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഇതര സംസ്ഥാന ജോലിക്കാർക്ക് അവരുടെ നിയോജക മണ്ഡലങ്ങളിൽ എങ്ങനെ വോട്ട് രേഖപ്പെടുത്താൻ അവസരം നൽകാം എന്ന് സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും ആലോചിക്കുന്നു. കമ്മിഷൻ ഇതിനായി സമിതിയെ നിയമിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ 10 കോടി പ്രവാസികൾ വിവിധ രാജ്യങ്ങളിലുണ്ട് എന്നാണ് കണക്ക്; രാജ്യത്തിനുള്ളിലെ ഇതര സംസ്ഥാന ജോലിക്കാർ 33 കോടിയും. 130 കോടി ജനങ്ങളും 80 കോടി വോട്ടർമാരുമുള്ള രാജ്യത്ത് ഇതു നിസ്സാരമല്ല.

പ്രോക്സി വോട്ട് സംബന്ധിച്ച വിവിധ സംശയങ്ങളാണ് എംപിമാർ ലോക്സഭയിൽ ഉന്നയിച്ചത്. ഒന്ന്–വിദേശത്തുള്ള ഒരു വോട്ടർ നാട്ടിലുള്ള ബന്ധുവിനെയോ സുഹൃത്തിനെയോ വോട്ട് ചെയ്യാൻ ചുമതലപ്പെടുത്തിയാൽ ആ വ്യക്തി പ്രവാസി പറയുന്ന പ്രകാരം തന്നെ വോട്ട് ചെയ്തു എന്ന് എങ്ങനെ ഉറപ്പു വരുത്തും? രണ്ട്–വേറൊരു സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തതെങ്കിൽ എങ്ങനെ കണ്ടെത്തും? എന്തു നടപടിയെടുക്കും? മൂന്ന് –ജനപ്രാതിനിധ്യ നിയമപ്രകാരം രാജ്യത്ത് ഒരാൾക്ക് ഒരു വോട്ടേ പാടുള്ളൂ. പ്രോക്സി വോട്ട് ചെയ്യുന്നയാൾ രണ്ട് വോട്ട് ചെയ്യണം. അത് നിയമാനുസൃതമല്ല. ഈ വിഷയങ്ങളെല്ലാം കണക്കിലെടുത്ത് 1961ലെ കണ്ടക്ട് ഓഫ് ഇലക്‌ഷൻ റൂൾസ് ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ആർക്കൊക്കെ പ്രോക്സി വോട്ട് ചെയ്യാം, എങ്ങനെ ചെയ്യാം, വോട്ട് നിർദേശിച്ചതു പോലെയല്ല ചെയ്തതെന്ന് എങ്ങനെ കണ്ടെത്താം, കണ്ടെത്തിയാൽ എങ്ങനെ അസാധുവാക്കാം എന്നിവ സംബന്ധിച്ച ചട്ടങ്ങൾ ഭേദഗതിയിലുണ്ടാവും.

കുടിയേറ്റ വോട്ടർമാരുടെ കാര്യത്തിൽ ചില നിർദേശങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്ന് മന്ത്രി രവി ശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി. ഒന്ന്, ഓരോ മണ്ഡലത്തിലും അന്യസംസ്ഥാനത്തു ജോലി നോക്കുന്നവരുടെ പട്ടിക തയാറാക്കുക. മറ്റൊന്ന്, അവരുടെ വോട്ട് ആധാറുമായി ബന്ധിപ്പിക്കുക. തപാൽ വോട്ട് എന്ന നിർദേശവും ഉണ്ട്. ഇ– വോട്ട് നടപ്പാക്കിയാൽ ഈ പ്രശ്നങ്ങളിൽ പലതും പരിഹരിക്കാമെന്ന നിർദേശമുണ്ട്. എന്നാൽ രഹസ്യസ്വഭാവം നിലനിർത്താനാവില്ലെന്നു മന്ത്രി പറഞ്ഞു. 2011 ഫെബ്രുവരി രണ്ടിനാണ് പ്രവാസി വോട്ടുകൾ റജിസ്റ്റർ ചെയ്യാനുള്ള ബിൽ പാർലമെന്റ് അംഗീകരിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് 11844 പ്രവാസികൾ മാത്രമാണു റജിസ്റ്റർ ചെയ്യാൻ താൽപര്യം കാണിച്ചത്.