വിജയ് മല്യയെ കാത്തിരിക്കുന്നത് കസബിനെ പാർപ്പിച്ച ബാരക്ക്

മുംബൈ ∙ വിജയ് മല്യയെ പാർപ്പിക്കാൻ ഉദ്ദേശിക്കുന്ന ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12 അജ്മൽ കസബ് ഉൾപ്പെടെ കൊടുംകുറ്റവാളികളെ പാർപ്പിച്ച കേന്ദ്രം. ഇന്ത്യയിലെത്തിച്ചാൽ തന്നെ പീഡിപ്പിക്കുമെന്നുള്ള മല്യയുടെ വാദത്തെ തുടർന്നു മൂന്നാഴ്ചയ്ക്കകം ആർതർ റോഡ് ജയിലിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ബ്രിട്ടനിലെ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. കൊടുംകുറ്റവാളികളെയോ, അതീവ സുരക്ഷാപ്രാധാന്യമുള്ള കുറ്റാരോപിതരെയോ ആണു 12–ാം നമ്പർ ബാരക്കിൽ പാർപ്പിക്കുക. രണ്ടുനിലകളിലായി എട്ടു െസല്ലുകളാണിവിടെ. സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി അതീവ ജാഗ്രതയുണ്ടാകും. കട്ടികുറഞ്ഞ കിടക്ക, കിടക്കവിരി, തലയണ, പ്ലേറ്റ്, ഗ്ലാസ് എന്നിവ നൽകും.

കാറ്റും വെളിച്ചവും കടക്കുന്ന വിധമാണു നിർമിതി. ഓരോ സെല്ലിലും ജനലുകളും ചേർന്ന്, യൂറോപ്യൻ ക്ലോസറ്റ് ഉള്ള ശുചിമുറിയും വസ്ത്രങ്ങൾ കഴുകാനുള്ള സ്ഥലവുമുണ്ട്. ജയിലിലെ മറ്റു ശുചിമുറികൾ ഇന്ത്യൻ രീതിയിലുള്ളതാണ്. മുംബൈ സ്ഫോടന പരമ്പരക്കേസിൽ പ്രതിയായിരുന്ന നടൻ സഞ്ജയ് ദത്ത്, ഷീന ബോറ കൊലക്കേസ് പ്രതി സ്റ്റാർ ഇന്ത്യ മുൻമേധാവി പീറ്റർ മുഖർജി, പിഎൻബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ ഫിനാൻസ് വിഭാഗം മേധാവിയും ധിരുഭായ് അംബാനിയുടെ സഹോദരപുത്രനുമായ വിപുൽ അംബാനി തുടങ്ങിയവർ ഈ ബാരക്കിൽ വിചാരണത്തടവുകാരായിരുന്നു. മജിസ്ട്രേറ്റ് കോടതി വിധി അനുകൂലമായാലും മല്യയെ ഇന്ത്യയിലെത്തിക്കുക എളുപ്പമാകില്ല. നാടുകടത്തൽ ഉത്തരവു വരാൻ രണ്ടുമാസം എടുക്കും. മേൽക്കോടതിയിൽ അപ്പീലിനും അവസരമുണ്ട്.