Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷാ ബാധ്യതകൾ മറച്ചുവച്ചു: കോൺഗ്രസ്; മകനു വായ്പയെടുക്കാൻ ഈടുവച്ച പുരയിടങ്ങൾ കണക്കിൽ കാട്ടിയില്ല

Amit Shah

ന്യൂഡൽഹി ∙ ബിജെപി അധ്യക്ഷൻ അമിത് ഷാ രാജ്യസഭാ തിരഞ്ഞെടുപ്പു സമയത്ത് ബാധ്യതകളെല്ലാം വെളിപ്പെടുത്തിയില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. അമിത് ഷായുടെ പേരിലുള്ള രണ്ടു പുരയിടങ്ങൾ മകൻ ജയ് ഷാ വായ്പയെടുക്കാൻ ഈടുവച്ചെന്നും അക്കാര്യം വ്യക്തമാക്കാഞ്ഞതിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമാണെന്നു ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു. അമിത് ഷാ ഭൂമി ഈടുവച്ചെങ്കിൽതന്നെ ബാധ്യത അദ്ദേഹത്തിന്റേതല്ല. പങ്കാളിയുടെയും ആശ്രിതരുടെയും പ്രായപൂർത്തിയാകാത്ത മക്കളുടെയും വിവരങ്ങൾ വെളിപ്പെടുത്തിയാൽ മതി.

പ്രായപൂർത്തിയായ മകന്റെ ബാധ്യത തന്റേതായി കാണിച്ചാൽ മാത്രമേ നിയമലംഘനമുള്ളൂ.ആകെ ആറു കോടി രൂപ മൂല്യമുള്ളതാണ് ജയ് ഷായുടെ കുസും ഫിൻസേർവ് എന്ന സ്ഥാപനമെങ്കിലും അതിന് വിവിധ സഹകരണ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും നിന്നു 95 കോടി രൂപ വായ്പ ലഭിച്ചിട്ടുണ്ടെന്ന് ജയ്റാം പറഞ്ഞു. അമിത് ഷായുടെ പേരിലുള്ള ഭൂമി ഈടുവച്ചതിന്റെ ബലത്തിലാണ് ഇത്രയും വായ്പയെന്നും ആരോപണം സാധൂകരിക്കാൻ തങ്ങളുടെ പക്കൽ രേഖകളുണ്ടെന്നും ജയ്റാം വിശദീകരിച്ചു. ഗുജറാത്ത് വ്യവസായ വികസന കോർപറേഷനിൽനിന്ന് ആറു കോടി രൂപ മൂല്യമുളള ഭൂമി ജെയ് ഷായുടെ സ്ഥാപനത്തിന് കഴിഞ്ഞ വർഷം മേയിൽ പാട്ടത്തിനു ലഭിച്ചു.

ഒരു മാസത്തിനുള്ളിൽ ആ ഭൂമി ഈടുവച്ച് സ്വകാര്യ ബാങ്കിൽനിന്ന് 17 കോടി രൂപ വായ്പയെടുക്കാൻ കുസും ഫിൻസേർവിനു സാധിച്ചു. ഇത് തികച്ചും സംശയകരമായ ഇടപാടാണ്. കമ്പനി നിയമമനുസരിച്ച് സ്ഥാപനം സർക്കാരിന് വാർഷിക റിപ്പോർട്ട് നൽകേണ്ടതാണ്. എന്നാൽ, 2016–17ലെ റിപ്പോർട്ട് ഇനിയും നൽകിയിട്ടില്ല. കാറ്റാടിയിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംവിധാനം മധ്യപ്രദേശിലെ റത്‌ലാമിൽ സ്ഥാപിക്കാൻ കുസും ഫിൻസേർവിന് പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ പാരമ്പര്യേതര ഊർജ വികസന ഏജൻസി കഴിഞ്ഞ വർഷം 10.5 കോടി രൂപ നൽകിയെന്നും ജയ്റാം പറഞ്ഞു.