മല്യയുടെ വീട്ടിലുണ്ട് സ്വർണ ശുചിമുറി

ന്യൂഡൽഹി ∙ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് ഒളിച്ചോടിയെങ്കിലും ആഡംബരക്കാര്യത്തിൽ വിജയ് മല്യ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നു തെളിയിക്കുന്ന റിപ്പോർട്ടുകളുടെ നിരയിലേക്ക് ഒന്നുകൂടി. ഇത്തവണ പുറത്തുവന്നിരിക്കുന്നത് മല്യയുടെ ലണ്ടനിലെ വീട്ടിലുള്ള ശുചിമുറി സംബന്ധിച്ച വിവരങ്ങളാണ്. ടൈലും സ്റ്റീൽ ടാപ്പുകളുമൊക്കെ ഉപയോഗിക്കുന്ന സാധാരണ ശുചിമുറികളിൽനിന്നു വ്യത്യസ്തമാണ് ഇവിടം. കാരണം, ഇതു നിർമിച്ചിരിക്കുന്നത് സ്വർണം കൊണ്ടാണ്. ഒരു മാധ്യമത്തിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ബ്രിട്ടിഷ് എഴുത്തുകാരൻ ജെയിംസ് ക്രാബ്ട്രീയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഒരിക്കൽ മല്യയുടെ വീടു സന്ദർശിച്ചപ്പോൾ ഈ ശുചിമുറി കാണാനുള്ള ഭാഗ്യം ക്രാബ്ട്രീക്കുണ്ടായത്രേ. ഇദ്ദേഹത്തിന്റെ വിവരണപ്രകാരം ടോയ്‌ലറ്റ് പേപ്പറുകളും ടവ്വലുകളും ഒഴിച്ച് ഈ ശുചിമുറിയിൽ എല്ലാം സ്വർണമയമാണ്, ഭിത്തിയും മേൽക്കൂരയും ഉൾപ്പെടെ. മുംബൈയിൽ കഴിഞ്ഞദിവസം നടന്ന ഒരു ചടങ്ങിനിടെയാണു ക്രാബ്ട്രീ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ശതകോടീശ്വരൻമാരെക്കുറിച്ച് ‘ദ് ബില്യനയർ രാജ്’ എന്ന പുസ്തകം ക്രാബ്ട്രീ എഴുതിയിട്ടുണ്ട്.