Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണം തട്ടാൻ മലയാളി ദമ്പതികളുടെ കള്ളക്കഥ; ക്ലൈമാക്സ് കസ്റ്റഡിയിൽ

arrest-representational-image

ന്യൂഡൽഹി ∙ കള്ളക്കഥകൾ പറഞ്ഞുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച മലയാളി ദമ്പതികൾ പിടിയിൽ. തൃശൂർ സ്വദേശി ഷാഫി, ഭാര്യ ഫൗസി എന്നിവരാണു പിടിയിലായത്. കേരളത്തിൽ കുമളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇവർക്കെതിരെ പണം തട്ടിപ്പിനു കേസ് നിലവിലുണ്ടെന്നു പൊലീസ് പറയുന്നു.

അടിയന്തരഘട്ടത്തിൽ പലർക്കും സഹായവുമായി ഡൽഹിയിലെ മലയാളി സംഘടനകളെത്താറുണ്ട്. ഇതു ചൂഷണം ചെയ്യാനുള്ള ശ്രമമാണ് ചിലരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നു പരാജയപ്പെട്ടത്. രാജസ്ഥാനിലെ കോട്ടയിൽവച്ച് കാർ അപകടത്തിൽപെട്ടെന്നും ഡൽഹിയിൽവച്ചു പണം ഉൾപ്പെടുന്ന ബാഗ് മോഷണം പോയെന്നും പറഞ്ഞ് ഷാഫി ആദ്യം ബന്ധപ്പെട്ടത് ഓൾ ഇന്ത്യ മലയാളി അസോസിയേഷനിലും മറ്റും ഏറെ സജീവമായ പി. ജയരാജിനെ.

മായാപുരിയിലെ ഹോട്ടലിൽ കുടുംബവുമായി താമസിക്കുകയാണെന്നും നാട്ടിലേക്കു മടങ്ങാൻ പണം നൽകണമെന്നും തിരികെ നൽകാമെന്നുമായിരുന്നു ആവശ്യം. ഞായറാഴ്ച ഫോൺ സന്ദേശം ലഭിച്ചതിനു പിന്നാലെ ഇദ്ദേഹം ഹോട്ടലിലെത്തി ഷാഫിയെയും കുടുംബത്തെയും സന്ദർശിച്ചു. രണ്ടു കൊച്ചുകുട്ടികൾ ഉൾപ്പെടുന്ന കുടുംബവുമായി നാട്ടിലേക്കു മടങ്ങാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. സംഭവങ്ങളിൽ പൊരുത്തക്കേട് തോന്നിയതിനെ തുടർന്നു സഹോദരനും ആലത്തൂർ ഡിവൈഎസ്പിയുമായ കൃഷ്ണദാസിനെ ബന്ധപ്പെട്ടു. ഇദ്ദേഹം ഷാഫിയുടെ സ്വദേശത്ത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പുകഥകൾ പുറത്തെത്തിയത്. പിന്നീടു നടത്തിയ അന്വേഷണത്തിൽ കുമളി സ്റ്റേഷനിൽ ഷാഫിക്കും ഭാര്യയ്ക്കുമെതിരെ കേസ് നിലവിലുണ്ടെന്നു കണ്ടെത്തി.

ഹൈദരാബാദ്, മുംബൈ ഉൾപ്പെടെ പലയിടങ്ങളിലും ഇവർക്കെതിരെ കേസുണ്ടെന്നാണു വിവരം. തുടർന്നാണ് രജൗരി ഗാർഡൻ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ നിന്നെത്തുന്ന അന്വേഷണ സംഘത്തിന് ഇവരെ കൈമാറും.

related stories