Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് മോദി; പ്രതിപക്ഷ ഐക്യം ഫലിക്കില്ല; കബളിപ്പിക്കലെന്ന് കോൺഗ്രസ്

Narendra Modi

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചതിനു മറുപടിയുമായി കോൺഗ്രസ്. കള്ളക്കണക്കുകൾ നിരത്തി മോദി രാജ്യത്തെ കബളിപ്പിക്കുകയാണെന്നായിരുന്നു പ്രതികരണം. പ്രതിപക്ഷ ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടരുന്നതിനിടെ വിശാലസഖ്യം പാളിയ തന്ത്രമാണെന്നു മോദി പറഞ്ഞിരുന്നു. ജനങ്ങൾക്കു വേണ്ടതു നല്ല ഫലം നൽകുന്ന സുസ്ഥിരമായ സർക്കാരാണെന്നും അതുകൊണ്ടു തങ്ങൾ 2014ലേതിനെക്കാൾ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നുമായിരുന്നു ദേശീയ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ മോദിയുടെ അഭിപ്രായം. അതേസമയം, രാഷ്ട്രീയ വിഷയങ്ങൾക്കു പകരം വികസന പ്രശ്നങ്ങൾ എടുത്തുപറഞ്ഞായിരുന്നു കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ പ്രതികരണം.

∙ മോദി പറഞ്ഞത്

മുപ്പതു വർഷത്തിനു ശേഷമാണു സുസ്ഥിര സർക്കാർ രാജ്യം ഭരിക്കുന്നത്. സഖ്യസർക്കാരുകളുടെ പ്രവൃത്തികൾകൊണ്ടു ജനം പൊറുതിമുട്ടിയതാണ്. എന്തു മഹാസഖ്യമുണ്ടാക്കിയാലും രാജ്യതാൽപര്യത്തിനായിരിക്കും വോട്ടർമാർ പരിഗണന നൽകുക. മോദിയെ ഒഴിവാക്കുക എന്നതിനപ്പുറം യാതൊരു പ്രത്യയശാസ്ത്രവും മുന്നോട്ടുവയ്ക്കാനില്ലാത്തവരെ വോട്ടർമാർ കൈവിടും. ആൾക്കൂട്ട കൊലപാതകം കടുത്ത കുറ്റകൃത്യമാണെന്നാണു സർക്കാരിന്റെ ഉറച്ച നിലപാട്. ഇതിനു പിന്നിലെ ഉദ്ദേശ്യം എന്തായിരുന്നാലും അംഗീകരിക്കില്ല. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം.

അസം പൗരത്വ വിഷയത്തിലും റഫാൽ അഴിമതി ആരോപണത്തിലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. വർഷങ്ങളായി അലട്ടുന്ന ബൊഫോഴ്‌സ് ബാധയെ ഒഴിപ്പിക്കാൻ നടത്തുന്ന വിഫലമായ ശ്രമം മാത്രമാണിത്. രണ്ടു രാജ്യങ്ങളിലെ സർക്കാരുകൾ തമ്മിലുള്ളതാണു റഫാൽ കരാർ. നൂറു ശതമാനം സുതാര്യവും സത്യസന്ധവുമാണത്. മറ്റു പ്രചാരണങ്ങളെല്ലാം രാജ്യതാൽപര്യത്തെ അട്ടിമറിക്കാനാണ്. വിജയ് മല്യ, നീരവ് മോദി തുടങ്ങിയവർ കോടികൾ കടമെടുത്തു രാജ്യംവിട്ടതു മുൻ സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പോരായ്മയാണ്. ഇവരെ വലയിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അസം പൗരത്വ വിഷയത്തിൽ കോൺഗ്രസിന്റേതു വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ്.

∙ കോൺഗ്രസ് പ്രതികരിച്ചത്

തൊഴിൽദാനത്തെക്കുറിച്ചും അച്ഛാ ദിനെക്കുറിച്ചുമെല്ലാം വ്യാജ കണക്കുകൾ നിരത്തി രാജ്യത്തെ കബളിപ്പിക്കുകയാണു മോദി. അഭിമുഖത്തിൽ തന്റെ മൂന്നു പ്രധാന നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിൽനിന്നു മോദി ഒഴിഞ്ഞുമാറി. നേട്ടങ്ങളെ വ്യക്തതയോടെ എണ്ണിപ്പറയാൻ കഴി‍യില്ലെന്നു സമ്മതിച്ചതു മാത്രമാണ് മോദി പറഞ്ഞതിലെ വസ്തുത. നാലു വർഷത്തിനുശേഷവും സ്വന്തം നേട്ടത്തെക്കുറിച്ചു പറയാൻ അദ്ദേഹത്തിനു കഴിയുന്നില്ല. പദ്ധതികൾ പലതും തീർക്കാൻ 2022 വരെ മോദി സമയം ചോദിച്ചിരിക്കുകയാണ്.

തൊഴിൽദാനവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയുടെ കണക്കിലെയും കേന്ദ്രമന്ത്രിമാർ പറയുന്ന കണക്കിലെയും പൊരുത്തക്കേടു മതി പൊള്ളത്തരം മനസ്സിലാക്കാൻ. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിനെ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി തൊഴിൽദാനത്തെക്കുറിച്ചു സംസാരിക്കുന്നത്. ഇതുതന്നെ വൈരുധ്യമാണ്. രാജ്യത്തു നോട്ടുനിരോധനത്തിലൂടെ 1.26 കോടി ആളുകൾക്കു തൊഴിൽ നഷ്ടപ്പെടുകയാണു ചെയ്തത്.

related stories