Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: ആരോപണങ്ങളെല്ലാം കള്ളമെന്നു റിലയൻസ്; കരാർ നൽകിയത് ഫ്രഞ്ച് വിമാന നിർമാതാക്കൾ

rafale-reliance

ന്യൂഡൽഹി∙ റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മുഴുവൻ അടിസ്ഥാനരഹിതവും അസത്യവുമാണെന്നു റിലയൻസ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായ മറുപടിയാണ് അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഡിഫൻസ് കമ്പനി നൽകിയിരിക്കുന്നത്. വിമാന നിർമാണക്കമ്പനിയായ ഡാസോളിൽ നിന്നാണ് തങ്ങൾക്കു കരാർ ലഭിച്ചിരിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തിൽ നിന്നല്ലെന്നും വിദേശ കമ്പനികൾ ഇന്ത്യയിലെ പങ്കാളികളെ നിശ്ചയിക്കുന്നതിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്നും പ്രതിരോധ മന്ത്രാലയത്തെ അറിയിക്കണമെന്നില്ലെന്നും സിഇഒ രാജേഷ് ധിൻഗ്ര വ്യക്തമാക്കി.

മറുപടിയിൽ നിന്ന്:

ഇന്ത്യൻ സർക്കാരും ഫ്രഞ്ച് സർക്കാരും തമ്മിലാണ് കരാറുണ്ടാക്കിയിട്ടുള്ളത്. 36 റഫാൽ വിമാനങ്ങളാണ് പൂർണമായി നിർമിച്ച് ഫ്രഞ്ച് കമ്പനി ഇന്ത്യയ്ക്കു നൽകുന്നത് എന്നതിനാൽ അത്രയും വിമാനങ്ങളുടെ നിർമാണത്തിന് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിനെയോ (എച്ച്എഎൽ) മറ്റേതെങ്കിലും കമ്പനിയേയോ ചുമതലപ്പെടുത്തേണ്ട കാര്യമില്ല. 126 ഇടത്തരം വിവിധോദ്ദേശ്യ യുദ്ധവിമാനം നിർമിക്കുന്നതിനായിരുന്നു എച്ച്എഎൽ പരിഗണിക്കപ്പെട്ടിരുന്നത്. അതു സംബന്ധിച്ച കരാർ ഇതുവരെ ആയിട്ടില്ല. കരാർ പ്രകാരമുള്ള കയറ്റുമതി ബാധ്യത നിറവേറ്റാനാണ് റിലയൻസുമായി വിമാനക്കമ്പനി കരാറിലേർപ്പെട്ടിട്ടുള്ളത്. വിദേശ കമ്പനിയാണ് അവയുടെ ഇന്ത്യയിലെ ബിസിനസ് പങ്കാളികളെ തിരഞ്ഞെടുക്കുന്നത്. പ്രതിരോധ വകുപ്പിന് ഇതിൽ യാതൊരു പങ്കുമില്ല. ആയുധ ഇടപാടുകളുടെ നടപടിക്രമത്തിൽ 2005 ൽ ആണ് കയറ്റുമതി ബാധ്യത എന്ന വ്യവസ്ഥ ആദ്യമായി ഉൾപ്പെടുത്തിയത്. അതിൻ പ്രകാരം വിദേശ കമ്പനിക്ക് അവർക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം. 2005 മുതൽ ഇങ്ങനെയാണ് നടന്നുവരുന്നത്.

കയറ്റുമതി ബാധ്യത എന്ന വ്യവസ്ഥ പ്രകാരം ഇതുവരെ ഒപ്പിട്ടിട്ടുള്ള അൻപതിൽപരം കരാറുകളിൽ ഈ നടപടിക്രമം തന്നെയാണ് പാലിച്ചിട്ടുള്ളതും. അതിനാൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങൾ. എച്ച്എഎൽ ഒഴികെ രാജ്യത്ത് ഒരു കമ്പനിക്കും പോർവിമാനമുണ്ടാക്കാനുള്ള പരിചയമില്ല. 90 വർഷത്തെ വിമാനനിർമാണ പരിചയമുള്ള ഡാസോൾ 49% ഓഹരി പങ്കാളിത്തമെടുത്തിട്ടുള്ള ഇന്ത്യൻ സംയുക്ത സംരംഭമാണ് ഡാസോൾ റിലയൻസ് ഏറോസ്പേസ് ലിമിറ്റഡ്. റിലയൻസിന് 30,000 കോടിയുടെ കരാർ ലഭിച്ചുവെന്ന ആരോപണം തെറ്റാണ്. കയറ്റുമതി ബാധ്യത നിറവേറ്റാൻ എച്ച്എഎൽ, ബിഇഎൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്നുള്ള സംയുക്ത സംരംഭങ്ങൾ അടക്കം നൂറോളം ഇന്ത്യ‍ൻ കമ്പനികൾക്കാണു കരാർ ലഭിക്കുക.

സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിലൂടെ സർക്കാരിനു കീഴിലുള്ള പ്രതിരോധ ഗവേഷണ കേന്ദ്രത്തിനും പ്രയോജനം ലഭിക്കും. മൂന്നു പ്രതിരോധ നിർമാണ കമ്പനികൾ 2014 ഡിസംബറിലും റിലയൻസ് സ്ഥാപനം 2015 ഫെബ്രുവരിയിലും ആരംഭിച്ചു. 2015 ഏപ്രിലാണ് റഫാൽ കരാർ ഒപ്പിട്ടത്. ഫ്രാൻസിലും മറ്റു രാജ്യങ്ങളിലേക്കുമുള്ള സിഇഒ ഫോറത്തിലെ അംഗങ്ങളിൽ ഒരാളാണ് അനിൽ അംബാനി. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് ഫ്രാൻസിൽ ഉണ്ടായിരുന്ന 25 വ്യവസായപ്രമുഖരുടെ സംഘത്തിൽ അദ്ദേഹവുമുണ്ടായിരുന്നു. 30,000 കോടിയല്ല, യഥാർഥത്തിൽ 1.3 ലക്ഷം കോടിയുടെ കരാറാണ് റിലയൻസിനു ലഭിച്ചിരിക്കുന്നതെന്ന പ്രചാരണവും രാജേഷ് ധിൻഗ്ര നിഷേധിച്ചു.