Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ വികസനക്കുതിപ്പ്: പ്രധാനമന്ത്രി

narendra-modi-red-fort-1 നരേന്ദ്ര മോദി ചെങ്കോട്ടയിൽ പ്രസംഗിക്കുന്നു.

ന്യൂഡൽഹി ∙ വികസന പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാൻ ഈ സർക്കാരിന് ഒരു ഭരണകാലഘട്ടം കൂടി നൽകണം എന്നു സൂചന നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 72–ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആരോഗ്യ സുരക്ഷ മുതൽ ശൂന്യാകാശയാത്ര വരെയുള്ള വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. 82 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ ഇന്ത്യ എന്ന ഉറങ്ങുന്ന ആന ഇപ്പോൾ കുതിക്കുന്ന ഗജകേസരിയാണെന്നും ചുവപ്പുനാട മാറി  ഇപ്പോൾ നിക്ഷേപകർക്കു ചുവപ്പു പരവതാനി വിരിച്ചിരിക്കയാണെന്നും ചൂണ്ടിക്കാട്ടി. മുൻ സർക്കാരുകളെ നിശിതമായി പരിഹസിച്ച് 2013ലെ സ്ഥിതിയായിരുന്നെങ്കിൽ വികസനത്തിന് ഇനിയും ദശാബ്ദങ്ങൾ കാത്തിരിക്കേണ്ടി വരുമായിരുന്നുവെന്നു മോദി പറഞ്ഞു. 

ആയുഷ്മാൻ ഭാരത്

പ്രധാനമന്ത്രി ജന ആരോഗ്യ അഭിയാൻ എന്ന ആയുഷ്മാൻ ഭാരത് പദ്ധതി ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനമായ സെപ്റ്റംബർ 25ന് ആരംഭിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 10.74 കോടി കുടുംബങ്ങൾക്കു പ്രതിവർഷം ചികിത്സയ്ക്ക് അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിത്. 1347 തരം രോഗങ്ങൾക്കു സഹായം ലഭിക്കും. 2011ലെ ജനസംഖ്യാ കണക്കെടുപ്പുപ്രകാരം ദരിദ്ര വിഭാഗങ്ങളിൽ പെടുന്നവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. (കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങൾ ഈ പദ്ധതിയോടു യോജിച്ചിട്ടില്ല). 

ശൂന്യാകാശ പദ്ധതി

2022ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുമ്പോൾ ഒരു ഇന്ത്യക്കാരനോ ഇന്ത്യക്കാരിയോ ത്രിവർണ പതാകയുമായി ശൂന്യാകാശത്ത് എത്തിയിരിക്കും. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാകും ഇന്ത്യ. ചൊവ്വയിലേക്ക് ആദ്യത്തെ ശ്രമത്തിൽ തന്നെ വിജയകരമായ ദൗത്യം നിർവഹിക്കാൻ കഴിഞ്ഞ രാജ്യമാണു നാം. 

വനിതകൾക്കു പെർമനന്റ് കമ്മിഷൻ

സായുധസേനയിലെ വനിതാ ഓഫിസർമാർക്കു പെർമനന്റ് കമ്മിഷൻ നൽകും. ഷോർട്ട് സർവീസ് കമ്മിഷൻ വഴി പ്രതിരോധ സേനകളിൽ പ്രവേശനം ലഭിക്കുന്ന വനിതകൾക്കു പെർമനന്റ് കമ്മിഷനുള്ള അവസരമുണ്ടാകും. തികച്ചും സുതാര്യമായ തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെയായിരിക്കും ഇത്. 

കർഷകരുടെ വരുമാനം

കർഷകരുടെ വരുമാനം 2022 ആകുമ്പോൾ ഇരട്ടിയാക്കും. ഒട്ടേറെപ്പേർക്ക് ഇതിൽ സംശയമുണ്ട്. എന്നാൽ ഇതു നടപ്പാക്കിയിരിക്കും. കാർഷികോൽപന്നങ്ങളുടെ മിനിമം താങ്ങുവില ഏറ്റവും കൂടുതൽ ഉയർത്തിയിരിക്കയാണ്. 

വനിതാ സുരക്ഷ

വനിതകളെ മാനഭംഗം ചെയ്യുക എന്ന നിന്ദ്യമായ മാനസികനിലയിൽ നിന്നു സമൂഹത്തെ രക്ഷിച്ചേ തീരൂ. മധ്യപ്രദേശിൽ ഒരു അതിവേഗ കോടതി മാനഭംഗക്കേസിലെ പ്രതിയെ തൂക്കിക്കൊന്നു. ഈ വാർത്തയ്ക്കു പ്രചാരം നൽകണം. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. മുത്തലാഖ് അവസാനിപ്പിക്കും. സുപ്രീം കോടതിയിൽ ഇപ്പോൾ മൂന്നു വനിതകളുണ്ട്. കേന്ദ്രത്തിൽ ഏറ്റവും കൂടുതൽ വനിതാമന്ത്രിമാരുള്ളത് ഇപ്പോഴാണ്. 

സമ്പദ് വ്യവസ്ഥ

ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാറിക്കഴിഞ്ഞു. വികസന കാര്യത്തിൽ ഞാൻ അക്ഷമനാണ്. റിഫോം, പെർഫോം, ട്രാൻസ്ഫോം എന്നതായിരിക്കുന്നു ഇന്ത്യയുടെ മുഖമുദ്ര. ലോകം ഇന്ന് ഇന്ത്യയെ ഉറ്റുനോക്കുന്ന സ്ഥിതിയായി.

ചുവപ്പുകോട്ടയിൽ പ്രചാരണത്തുടക്കം

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദി 2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യപ്രചാരണത്തിനു തുടക്കമിട്ടു. സ്വാതന്ത്യദിനത്തിൽ ചുവപ്പുകോട്ടയിൽനിന്ന് മോദി പറഞ്ഞത് അതാണു ബിജെപിയെ ഒരിക്കൽക്കൂടി വിജയിപ്പിക്കുക, തനിക്ക് ഒരുവട്ടം കൂടി അവസരം തരിക. 2022 വരെയുള്ള പ്രവർത്തനപരിപാടികളും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ശരിയായ വികസനം 2013–നു ശേഷമാണുണ്ടായത് എന്ന് മോദി പറയുമ്പോൾ അത് അദ്ദേഹത്തിന്റെ ഭരണ നേട്ടമാണെന്നു വായിക്കണം. യുപിഎ സർക്കാരിന്റെ വേഗതയിലായിരുന്നു വികസനമെങ്കിൽ വൈദ്യുതീകരണം തന്നെ പൂർത്തിയാക്കാൻ ദശാബ്ദങ്ങൾ വേണ്ടി വരുമായിരുന്നു എന്നാണ് മോദി പറഞ്ഞത്. ആറര വർഷത്തെ വാജ്പേയി ഭരണകാലത്തെ എന്തുകൊണ്ടോ മോദി പരാമർശിച്ചില്ല.

ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ മോദി കഴിഞ്ഞ നാലു വർഷത്തിനിടയിൽ നടത്തിയ ഒട്ടുമിക്ക വികസന പരിപാടികളും എടുത്തു പറഞ്ഞു. പറയാതെ വിട്ടത് നോട്ട് പിൻവലിക്കലാണ്. ഒപ്പം ഇന്ത്യൻ രൂപ ഇടിഞ്ഞു താഴ്ന്നതിനെക്കുറിച്ചും മൗനം പാലിച്ചു. വനിതാ സുരക്ഷയെക്കുറിച്ച് വാചാലനായ പ്രധാനമന്ത്രി രാജ്യമെങ്ങും ആശങ്കയുയർത്തുന്ന ആൾക്കൂട്ടക്കൊലയെക്കുറിച്ച് പരാമർശിച്ചതേയില്ല. പശുവിന്റെ പേരിൽ നടന്ന അക്രമങ്ങളെക്കുറിച്ചും പറഞ്ഞില്ല. 2014–ൽ വാഗ്ദാനം ചെയ്ത അച്ഛേ ദിൻ വന്നോ എന്നു മോദി പറഞ്ഞില്ല.അത് അദ്ദേഹം ജനങ്ങളുടെ തീരുമാനത്തിന് വിട്ടു. 

related stories