ദുരിതം വിട്ടൊഴിയാതെ കുടക്, ദക്ഷിണ കർണാടക

സുള്ള്യയ്ക്കും മടിക്കേരിക്കും ഇടയിൽ മടിക്കേരിക്കടുത്ത ജോഡുപാലയിൽ മലയിടിച്ചിലുണ്ടായ സ്ഥലത്തു രക്ഷാപ്രവർത്തനം നടത്തുന്നു.

ബെംഗളൂരു ∙ പ്രളയക്കെടുതിയിൽ കുടക്, ദക്ഷിണ കന്നഡ ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. കുടകിലെ ജോദുപാളയിൽ മണ്ണിടിച്ചിലിൽ നവജാത ശിശു ഉൾപ്പെടെ ആറു പേർ മരിച്ചു. നൂറുകണക്കിനു കുടുംബങ്ങളാണു കുടുങ്ങി കിടക്കുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം  പ്രഖ്യാപിച്ചു. 98 റോഡുകളും 58 ചെറുപാലങ്ങളും 3006 വൈദ്യുത പോസ്റ്റുകളും തകർന്നിട്ടുണ്ട്. കുടക് ജില്ലയിൽ 22 വരെ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബെംഗളൂരുവിൽ നിന്നു മംഗളൂരുവിലേക്കുള്ള കർണാടക ആർടിസിയുടെ പകൽ ബസ് സർവീസുകൾ പുനരാരംഭിച്ചു. മണ്ണിടിച്ചിൽ ഉണ്ടായ ഹാസൻ-മംഗളൂരു റൂട്ടിൽ ഏഴ് ദിവസം പിന്നിട്ടിട്ടും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചില്ല.