ധനമന്ത്രിയായി ജയ്റ്റ്ലി തിരിച്ചെത്തി

അരുൺ ജയ്റ്റ്‌ലി

ന്യൂഡൽഹി ∙ മൂന്നു മാസത്തിനുശേഷം അരുൺ ജയ്റ്റ്‌ലി വീണ്ടും ധന, കമ്പനികാര്യ ‌മന്ത്രി. കുറച്ചു നാൾ കൂടി വസതി കേന്ദ്രീകരിച്ചായിരിക്കും മന്ത്രി പ്രവർത്തിക്കുക. മേയ് 14നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം അദ്ദേഹം വകുപ്പില്ലാ മന്ത്രിയായിരുന്നു. റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനായിരുന്നു ഈ മ‌ന്ത്രാലയങ്ങളുടെ ചുമതല.

ജയ്റ്റ്‌ലി തിരികെയെത്താൻ വൈകിയതോടെ സർക്കാരിലെ അധികാരശ്രേണിയിൽ വരാവുന്ന മാറ്റങ്ങളെക്കുറിച്ച് ഏറെ അഭ്യൂഹങ്ങൾ പ്രചരിച്ചു. പീയൂഷ് ഗോയൽ സ്ഥിരം ധനമന്ത്രിയായേക്കുമെന്നതായിരുന്നു അതിലൊന്ന്. ശസ്ത്രക്രിയയ്ക്കു ശേഷം ജയ്റ്റ്ലി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല. ചില അടിയന്തര മന്ത്രിസമിതി യോഗങ്ങളിൽ മാത്രം അദ്ദേഹം വിഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കാളിയായി. ജിഎസ്ടി നിർവഹണം മുതൽ കേരളത്തിനുള്ള പ്രളയ ദുരിതാശ്വാസം വരെ ഒട്ടേറെ കാര്യങ്ങളിൽ ജയ്റ്റ്‌ലിയുടെ അടിയന്തര ശ്രദ്ധ പതിയേണ്ടി വരും.