Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളിൽ എതിരില്ലാതെ 20,159 സീറ്റിൽ തൃണമൂൽ ജയം: ഹർജി തള്ളി

Supreme Court of India

ന്യൂഡൽഹി ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 20,159 സീറ്റുകളിൽ എതിരില്ലാതെ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥികൾ വിജയിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎമ്മും ബിജെപിയും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. പരാതിയുള്ള സ്ഥാനാർഥികളോട് ബന്ധപ്പെട്ട കോടതികളിൽ ഹർജി നൽകാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. മേയിൽ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക നൽകുന്നതിൽ നിന്നു തങ്ങളുടെ സ്ഥാനാർഥികളെ തടഞ്ഞുവെന്നാരോപിച്ചാണ് ഇരുകക്ഷികളും കോടതിയിലെത്തിയത്.

ഭരണഘടനയുടെ 142–ാം അനുച്ഛേദപ്രകാരം സവിശേഷ അധികാരം പ്രയോഗിച്ചു ഹർജി കേട്ട കോടതി പരാതി അതീവ ഗുരുതരമെന്നു വിശേഷിപ്പിച്ച് ഫലപ്രഖ്യാപനം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞിരുന്നു. നാമനിർദേശപത്രിക സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഇ–മെയിലിലൂടെയോ വാട്സാപ്പിലൂടെയോ പത്രിക നൽകാമെന്നു കൽക്കട്ട ഹൈക്കോടതി നൽകിയ ഉത്തരവ്, ജനപ്രാതിനിധ്യ നിയമത്തിൽ അതിനു വ്യവസ്ഥയില്ലാത്തതിനാൽ അസ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ 13നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് ഇക്കാര്യത്തിൽ കോടതി വിശദീകരണം തേടിയിരുന്നു. എതിരില്ലാതെ 20,159 സീറ്റുകളിൽ ഭരണകക്ഷിയുടെ സ്ഥാനാർഥികൾ വിജയിച്ചതിൽ ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നായിരുന്നു കമ്മിഷന്റെ മറുപടി.

related stories