Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്യയ്ക്കുള്ള ജയിൽ സൗകര്യങ്ങളുടെ വിഡിയോ ലണ്ടൻ കോടതിയിൽ

Vijay Mallya

ന്യൂഡൽഹി ∙ സ്വന്തമായി ഉപയോഗിക്കാൻ ടിവിസെറ്റ്, ശുചിമുറി, കിടക്ക, പുറത്തിറങ്ങി നടക്കാനുള്ള സൗകര്യം– 9000 കോടിയുടെ ബാങ്ക് വായ്പാത്തട്ടിപ്പുകേസ് പ്രതിയായ വ്യവസായി വിജയ്മല്യയെ പാർപ്പിക്കാൻ ഉദ്ദേശിക്കുന്ന ജയിലിലെ സൗകര്യങ്ങൾ ഇതൊക്കെയാണ്. മുംബൈ ആർതർ റോഡ് ജയിലിലെ 12–ാം നമ്പർ ബാരക്കിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ വ്യക്തമാക്കുന്ന എട്ടുമിനിറ്റോളം ദൈർഘ്യമുള്ള വിഡിയോ ലണ്ടൻ കോടതി മുൻപാകെ സിബിഐ ഹാജരാക്കി.

മല്യയിലെ ബ്രിട്ടനിൽനിന്നു വിട്ടുകിട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. ഇന്ത്യയിലെ ജയിലുകളിൽ സ്വാഭാവിക വെളിച്ചവും ശുദ്ധവായുവും കിട്ടാൻ മാർഗമില്ലെന്നു യുകെയിൽ നിന്നുള്ള തന്റെ നാടുകടത്തൽ സംബന്ധിച്ച കേസ് പരിഗണിക്കുന്ന കോടതി മുൻപാകെ വിജയ് മല്യ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്നാണു ലണ്ടൻ കോടതി ജഡ്ജി ഇന്ത്യൻ ജയിലുകളുടെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ ഹാജരാക്കാൻ നിർദേശിച്ചത്. മല്യയുടെ ജയിലിലെ മുറി കിഴക്കോട്ടു ദർശനമായുള്ളതാണ്. അതുകൊണ്ടുതന്നെ സൂര്യപ്രകാശം നിർലോഭം ലഭിക്കുമെന്നും സിബിഐ മുതിർന്ന ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.

വൃത്തിയുള്ള ജയിൽമുറി, പുറത്തു നടക്കാനുള്ള സൗകര്യം, ലൈബ്രറി, ആശുപത്രി സൗകര്യങ്ങൾ എന്നിവയെല്ലാം ലഭ്യമാണെന്നും വ്യക്തമാക്കി. ബാങ്കുകൾ നിയമനടപടികൾ ആരംഭിച്ചതോടെ 2016 മാർച്ചിലാണ് ബ്രിട്ടനിലേക്കു മല്യ കടന്നത്. ഇന്ത്യ ആവശ്യപ്പെട്ടതുപ്രകാരം മല്യയുടെ നാടുകടത്തൽ സംബന്ധിച്ച വിചാരണ ലണ്ടൻ കോടതിയിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് ആരംഭിച്ചത്. കേസിൽ ഇനി സെപ്റ്റംബർ 12ന് വാദം കേൾക്കും.