ഹാർദിക് പട്ടേൽ അനിശ്ചിതകാല നിരാഹാരം തുടങ്ങി; പിന്തുണച്ച് എഎപി

ഹാർദിക് പട്ടേൽ

അഹമ്മദാബാദ് ∙ പൊതുസ്ഥലത്തു സമരം നടത്തുന്നതിന് ഗുജറാത്തിലെ ബിജെപി സർക്കാർ അനുമതി നിഷേധിച്ചതോടെ പട്ടേൽ സംവരണ പ്രക്ഷോഭ നായകൻ ഹാർദിക് പട്ടേൽ തന്റെ കൃഷിയിട വസതിയിൽ ശനിയാഴ്ച അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആംആദ്‌മി പാർട്ടിയുടെ (എഎപി) സംസ്ഥാന നേതാക്കൾ പട്ടേലിനെ സന്ദർശിക്കുകയും പാർട്ടിദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കേജ്‌രിവാളിന്റെ പിന്തുണ അറിയിക്കുകയും ചെയ്തു. ദലിത് നേതാവും സ്വതന്ത്ര എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും പട്ടേലിനെ സന്ദർശിച്ചു പിന്തുണ അറിയിച്ചു.

സംവരണ പ്രക്ഷോഭത്തിന്റെ മൂന്നാം വാർഷികം പ്രമാണിച്ച് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നതിന് രണ്ടുമാസം മുൻപേ സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് അപേക്ഷിച്ചതാണ്. അവസാന നിമിഷം അനുമതി നിഷേധിച്ചതു കൊണ്ടാണു സ്വന്തം വീട്ടിൽ സമരം ആരംഭിച്ചതെന്നു ഹാർദിക് പട്ടേൽ പറഞ്ഞു. വീടിനു കനത്ത പൊലീസ് കാവലുണ്ട്. സന്ദർശകർക്കു കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അനുയായികളെ പൊലീസ് കടത്തിവിടുന്നില്ലെന്നു ഹാർദിക് ആരോപിച്ചു. കലാപം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ മാത്രമാണ് എടുത്തിട്ടുള്ളതെന്നാണു പൊലീസിന്റെ വിശദീകരണം. ഇതിനിടെ, 2019 ലെ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് കോൺഗ്രസാണു ഹാർദിക് പട്ടേലിനു പിന്നിൽ കരുക്കൾ നീക്കുന്നതെന്നു ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ആരോപിച്ചു.