Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: ജയ്റ്റ്ലി–രാഹുൽ വാക്പോര്

Rahul-Gandhi-Amit-Shah-Karnataka

ന്യൂഡൽഹി ∙ റഫാൽ പ്രശ്നത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും കോൺ‌ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിൽ വീണ്ടും വാക്‌പോര്. കോൺഗ്രസ് പറയുന്നതത്രയും കളവാണെന്നും രാഹുൽ രാജ്യസുരക്ഷ അപകടത്തിലാക്കുകയാണെന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. എങ്കിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണമാകാമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

കോൺഗ്രസിനോടും രാഹുലിനോടും 15 ചോദ്യങ്ങളുമായി ആദ്യം സമരകാഹളം മുഴക്കിയത് ജയ്റ്റ്ലി. യുപിഎ ഒരുദശകത്തോളം കരാർ വൈകിച്ചത്, പ്ര‌തിരോധ ഇടപാടുകളിലെ രഹസ്യ വ്യവസ്ഥ, വിലയെച്ചൊല്ലിയുള്ള വിവാദം, സർക്കാരും സർക്കാരും തമ്മിലുള്ള ഇടപാടിനെ വിവാദത്തിലാക്കിയത് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങൾ. റഫാൽ വിമാനത്തിനു യുപിഎയുടെ കാലത്ത് 700 കോടി രൂപയായിരുന്നെന്നായിരുന്നു രാ‌ഹുൽ ‌ഗാന്ധിയുടെ ആദ്യത്തെ കണ്ടെത്തൽ. പിന്നീട് അത് 520 കോടി രൂപ‌യായി. സത്യത്തിന് ഒരു മുഖമേയുള്ളൂ. കളവിനാണു പല മുഖങ്ങളെന്നും ധനമന്ത്രി കുറിച്ചു.

‘വീണ്ടും റഫാൽ കൊള്ളയിലേക്കു രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ചതിനു നന്ദി, തീർപ്പുണ്ടാക്കാൻ പാർലമെന്ററി സമിതിയെ നിയോഗിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു’ എന്ന ചോദ്യവുമായി രാ‌ഹുൽ രംഗത്തെത്തി. പ്രതിരോധ കരാർ വ്യവസ്ഥകളെക്കുറിച്ചു ധനമന്ത്രിക്കു ധാരണയില്ലെ‌ന്നു കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും പ്രതികരിച്ചു. എച്ച്എഎല്ലിനു നിർമാണക്കരാർ കിട്ടില്ലെന്നു റിലയൻസിനു നേരത്തേ അറിയാമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.