Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻടിആറിന്റെ മകൻ ഹരികൃഷ്ണ കാറപകടത്തിൽ മരിച്ചു

Nandamuri-Harikrishna നന്ദമൂരി ഹരികൃഷ്ണ

ഹൈദരാബാദ് ∙ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കു സിനിമയിലെ ചക്രവർത്തിയുമായിരുന്ന എൻ.ടി. രാമറാവുവിന്റെ (എൻടിആർ) മകൻ നന്ദമൂരി ഹരികൃഷ്ണ (62) കാറപകടത്തിൽ മരിച്ചു. തെലങ്കാനയിലെ നൽഗോണ്ട ജില്ലയിൽവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹയാത്രികരായ രണ്ടുപേർക്ക് പരുക്കുണ്ട്. ചലച്ചിത്രനടനും തെലുങ്കുദേശം പാർട്ടി പൊളിറ്റ്ബ്യൂറോ അംഗവുമായ ഹരികൃഷ്ണ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരനും മുൻകേന്ദ്രമന്ത്രി പുരന്ദരേശ്വരിയുടെ സഹോദരനുമാണ്.

യുവ ചലച്ചിത്ര താരങ്ങളായ കല്യാൺരാമും ജൂനിയർ എൻടിആറും (താരക രാമറാവു) ഹരികൃഷ്ണയുടെ മക്കളാണ്. മറ്റൊരു മകൻ ജാനകിരാം 2014ൽ വാഹനാപകടത്തിൽ മരിച്ചു. നെല്ലൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുംവഴി വാഹനം ഓടിച്ചിരുന്ന ഹരികൃഷ്ണ വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിനു മുകളിലൂടെ പാഞ്ഞ് എതിർദിശയിൽ വന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നുവെന്ന് സഹയാത്രികർ പറഞ്ഞു. ഹരികൃഷ്ണയുടെ കുടുംബം നൽഗോണ്ട ജില്ലയിൽ അപകടത്തിൽപെടുന്നത് ഇതു മൂന്നാം തവണയാണ്.

1964ൽ ശ്രീകൃഷ്ണാവതാരം എന്ന ചിത്രത്തിലൂടെ ബാലനടനായി അഭിനയരംഗത്തെത്തിയ ഹരികൃഷ്ണ പിന്നീട് ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. ലാഹിരി ലാഹിരി ലാഹിരിലോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള നന്ദി അവാർഡ് നേടിയിട്ടുണ്ട്. 1996ലെ ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ അംഗമായിരുന്ന ഹരികൃഷ്ണ നായിഡുവുമായി തെറ്റി 1998ൽ അണ്ണാ ടിഡിപി എന്ന പേരിൽ പാർട്ടിയുണ്ടാക്കി. പിന്നീട് ഇരുവരും യോജിച്ചതോടെ ടിഡിപിയിൽ തിരികെയെത്തിയ അദ്ദേഹം 2008ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2013ൽ ആന്ധ്ര വിഭജനത്തിൽ പ്രതിഷേധിച്ച് സ്ഥാനം രാജിവച്ചു.

ലക്ഷ്മി, ശാലിനി എന്നിവരാണ് ഭാര്യമാർ. മകൾ സുഹാസിനി. ഹിന്ദുപുർ എംഎൽഎ ബാലകൃഷ്ണ സഹോദരനാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എന്നിവർ അനുശോചനം രേഖപ്പെടുത്തി.

കെണിയൊരുക്കി നൽഗോണ്ടയിലെ ദേശീയപാതകൾ

നൽഗോണ്ട ജില്ലയിലെ ദേശീയപാതകൾ ഹരികൃഷ്ണയുടെ കുടുംബത്തിനു ചോരക്കളങ്ങളാകുകയാണ്. 2014 ഡിസംബർ ആറിന് നൽഗോണ്ടയിലെ ഹൈദരാബാദ് – വിജയവാഡ ദേശീയപാതയിലുണ്ടായ അപകടത്തിലാണ് ഹരികൃഷ്ണയുടെ മകൻ ജാനകിരാം മരണമടഞ്ഞത്. അദ്ദേഹം സഞ്ചരിച്ച വാഹനം ട്രാക്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 2009ൽ ജൂനിയർ എൻടിആറിനും നൽഗോണ്ടയിലെ മോതെ ഗ്രാമത്തിൽവച്ച് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. ഒടുവിൽ നൽഗോണ്ടയിൽ ഇന്നലെയുണ്ടായ അപകടം ഹരികൃഷ്ണയുടെ ജീവനും കവർന്നു.